കുവൈത്തില്‍ കഴിഞ്ഞ മാസം നടന്ന എണ്ണമേഖലയിലെ പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരായ തൊഴിലാളികള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കും. നാല് വിഭാഗമായി തരം തിരിച്ച് 1500 മുതല്‍ 250 ദിനാര്‍ വരെയാണ് ഒരോരുത്തര്‍ക്കും നല്‍കുന്നത്.

കഴിഞ്ഞ മാസം 17 മുതല്‍ 19 വരെ ഓയില്‍ വര്‍ക്കേഴ്‌സ് സിന്‍ഡിക്കേറ്റ്‌സ് യൂണിയന്‍ ആഹ്വാനം ചെയ്‍ത പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കു ഹാജരായ എണ്ണമേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കുന്നത്. തൊഴിലാളികളുടെ തസ്‍തികയനുസരിച്ച് 1500 മുതല്‍ 250 കുവൈറ്റ് ദിനാര്‍ വരെ ബോണസ് നല്‍കാനാണ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ തീരുമാനം. കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെയും അനുബന്ധ കമ്പനികളിലുമുള്ള ജീവനക്കാരെ നാലു ഗ്രൂപ്പുകളായി തിരിച്ച് ബോണസ് നല്‍കുമെന്ന് കെപിസി ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ധനകാര്യ, ആസൂത്രണ വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വാഫാ അല്‍ സൈബി സര്‍ക്കുലറില്‍ അറിയിച്ചു. പണിമുടക്കു കാലത്ത് കുവൈറ്റ് ഓയില്‍ കമ്പനിയിലും കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയിലും സാങ്കേതിക മേഖലയില്‍ 12 മണിക്കൂര്‍ ജോലി ചെയ്ത വിദഗ്ധ വിഭാഗത്തിന് 1500 ദിനാര്‍ വീതം ലഭിക്കും. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ രണ്ടാമത്തെ വിഭാഗത്തിന് ആയിരം ദിനാറും ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് തൊഴിലാളികള്‍ക്ക് 500 ദിനാറും ബോണസായി ലഭിക്കും. അവസാന വിഭാഗമായ അഗ്‌നിശമന വകുപ്പിലും കുവൈറ്റ് ഓയില്‍ കമ്പിനി ആശുപത്രിയിലും ജോലി ചെയ്തവര്‍ക്ക് 250 ദിനാര്‍ വീതവും ബോണസ് ലഭിക്കും.

എന്നാല്‍, എണ്ണ അനുബന്ധ മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രസ്‍തുത ആനുകൂല്ല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.