നഴ്സുമാരുടെ പുനർനിയമനത്തിന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം
കുവൈറ്റ്: ഇന്ത്യന് എംബസിയുടെ ഇടപെടലിനെ തുടര്ന്ന് 70 ഇന്ത്യന് നഴ്സുമാര്ക്ക് കുവൈറ്റില് ജോലി ലഭിക്കാന് വഴിയൊരുങ്ങി. മൂന്ന് വർഷം മുൻപ് സർക്കാർ അംഗീകാരത്തോടെ റിക്രൂട്ട് ചെയ്ത നഴ്സുമാരുടെ പുനർനിയമനത്തിന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതർ ഇന്ത്യയിൽ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും, കുവൈത്തിൽ എത്തിയശേഷം ജോലി ലഭിക്കാതിരിക്കുകയോ ജോലി ലഭിച്ചിട്ടും, ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്തവരിൽ നിന്ന് നിയമനം നല്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇതുപ്രകാരം എഴുപത് പേര്ക്ക് ജോലി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് അറിയിച്ചു.
2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി ആരോഗ്യമന്ത്രാലയത്തിന് കൈമാറി. ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത്. ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ കുവൈത്ത് ആരോഗ്യമന്ത്രിയുമായി റിക്രൂട്ട്മെന്റ് സംബന്ധിച്ച കാര്യങ്ങള് ചര്ച്ച ചെയ്തു.
നഴ്സുമാർ പരാതിയുമായി എംബസിയെ സമീപിച്ചതിനെ തുടർന്ന് അംബാസഡർ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് റിക്രൂട്ട്മെന്റിന് വഴിയൊരുങ്ങിയത്. രണ്ടു വര്ഷത്തോളമായി ജോലിയും ശമ്പളവുമില്ലാതെ കുവൈത്തില് കഴിഞ്ഞ നഴ്സുമാര്ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ആശ്വാസമാകും.
