കുവൈത്തില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഫിലിപ്പീന്‍സ് കടത്തുന്നു തെളിവുകൾ ഫിലിപ്പീൻസിലെ ഫിലിസ്റ്റാർ വെബ്‌ സൈറ്റ് പുറത്തു വിട്ടു

കുവൈത്തിൽ ഗാർഹിക പീഢനത്തിനു ഇരയാവുന്ന തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഫിലിപ്പീൻ എംബസി സമാന്തര രക്ഷാ ദൗത്യം നടത്തുന്നതായി കണ്ടെത്തൽ. രാജ്യത്തെ നിയമങ്ങൾക്ക്‌ വിരുദ്ധമായി ഇത്തരത്തിൽ നിരവധി പേരെ സ്വദേശി വീടുകളിൽ നിന്നും കടത്തി കൊണ്ടു പോയതിന്റെ തെളിവുകൾ ഫിലിപ്പീൻസിലെ ഫിലിസ്റ്റാർ വെബ്‌ സൈറ്റാണു പുറത്തു വിട്ടത്‌.

ഗാർഹിക മേഖലയിൽ പീഢനം അനുഭവിക്കുന്ന ഫിലിപ്പീൻ സ്വദേശികളെ മോചിപ്പിക്കുന്നതിനു കുവൈത്തിലെ ഫിലിപ്പീൻ എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക രക്ഷാ ദൗത്യം നടത്തുന്ന ദൃശ്യങ്ങളാണു പത്രം പുറത്തു വിട്ടിരിക്കുന്നത്‌.സ്വദേശി വീടിനു പുറത്തു നിർത്തിയ ഫിലിപ്പീൻ എംബസിയുടെ വാഹനത്തിൽ പൊടുന്നനെ വീടിനകത്തു നിന്നും ഇറങ്ങി വരുന്ന യുവതിയെ കടത്തി കൊണ്ടു പോകുന്നതാണു ദൃശ്യം. ഭാരമേറിയ യാത്രാ ബേഗ്‌ വാഹനത്തിൽ കയറ്റുന്നതിനു യുവതിയെ സഹായിക്കുന്നതും എംബസി ഉദ്യോഗസ്ഥനാണെന്നുതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കുവൈത്തിലെ ഫിലിപ്പീൻ സ്ത്താന പതി റിനാറ്റോ പെഡ്രോ വാർത്ത സ്ഥിരീച്ചതായി കുവൈത്തിലെ അൽ റായ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു. ഗാർഹിക ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിമുഖത കാട്ടുന്നത്‌ കാരണമാണു തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഇത്തരത്തിലുള്ള പ്രത്യേക രക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നതെന്നാണു ഫിലിപ്പീൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട്‌.

ഇക്കഴിഞ്ഞ ഏപ്രിൽ 7 മുതൽ 26 ഓളം പൗരന്മാരെ മോചിപ്പിച്ച്‌ എംബസിയുടെ അഭയ കേന്ദ്രത്തിലോ അല്ലെങ്കിൽ ആശുപത്രികളിലോ മാറ്റിയതായും ഫിലിപ്പീൻ വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേ സമയം കുവൈത്തിനെ മോശമാക്കുന്ന തരത്തിൽ ഫിലിപ്പീൻ സർക്കാരിൽ നിന്നും ചില എംബസി ഉദ്യോഗസ്ത്തരുടെ ഭാഗത്തു നിന്നും ഉണ്ടായ നടപടികളിൽ കുവൈത്ത്‌ വിദേശ കാര്യ മന്ത്രാലയം ശക്തമായി പ്രതിഷേധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഇത്തരം നടപടികൾ നയ തന്ത്ര രംഗത്തെ മര്യാദകൾക്ക്‌ ചേർന്നതല്ലെന്നും കുവൈത്തിലെ ഫിലിപ്പീൻ സ്ഥാനപതിക്ക്‌ കൈമാറിയ പ്രതിഷേധ കുറിപ്പിൽ കുവൈത്ത്‌ തുറന്നടിച്ചു.