തുടര്‍ച്ചയായി മൂന്നാം തവണയും കുട്ടനാടിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന തോമസ് ചാണ്ടി സംസ്ഥാന മന്ത്രിസഭയില്‍ എത്തുന്നത് ഗള്‍ഫ് മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുവൈത്ത് ചാണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന നിയുക്ത മന്ത്രിക്ക് കുവൈത്തിലടക്കം ഗള്‍ഫില്‍ വിപുലമായ ബിസിനസ് ശൃംഖലയാണുള്ളത്.
1975-ലാണ് തോമസ് ചാണ്ടി കുവൈത്തിലെത്തിയത്. വ്യവസായ മേഖലയായ ഷുവൈഖിലെ ഒരു നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ ഡിവിഷന്‍ മാനേജരായായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. അതേ കമ്പനിയില്‍ ടീം ലീഡറായും പ്രവര്‍ത്തിക്കുന്നതിനിടെ, 1984-ല്‍ കുവൈത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങി. വിദ്യാസരംഗം ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും, പ്രവാസികളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം മനസിലാക്കിയുമായിരുന്നു ആ നീക്കം. ഇത് ഒരു വിജയമായതോടെ ,പൂര്‍ണ്ണമായും ബിസിനസ് രംഗത്തേക്ക് ചുവടു മാറ്റി.
അബ്ബാസിയായിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഹൈഡെന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ട് ബ്രഡ്‌സ് ബേക്കറി, ഓഷ്യാനിക് ജനറല്‍ ട്രേഡിംഗ് കമ്പനി തുടങ്ങി നിരവധി സ്ഥാപനങ്ങളായി ചാണ്ടിയുടെ ബിസിനസ് വളര്‍ന്നു. സൗദിയിലെ ജിദ്ദയില്‍ അല്‍ അഹല്ല്യ ഇന്റെര്‍നാഷണല്‍ സ്‌കൂളും ചാണ്ടിയുടെ ഉടമസ്ഥയിലുള്ളതാണ്.
കുവൈത്തില്‍ മാത്രം, സ്‌കൂളുകളിലെ അധ്യാപകരടക്കം 600ഓളം ജീവനക്കാരാണുള്ളത്. അതില്‍ അധികവും കുട്ടനാട്ടുകാരാകണമെന്നത് ചാണ്ടിയുടെ നിര്‍ബന്ധമായിരുന്നു. കുവൈത്തിലെത്തിയ ശേഷവും ചാണ്ടി തന്റെ രാഷ്ട്രീയം-സാംസ്‌ക്കാരിക രംഗത്തുള്ള ബന്ധം തുടര്‍ന്നിരുന്നു.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യൂത്ത്‌കോറസ് തുടങ്ങി നിവരധി സംഘടനകളുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചു. കൂടാതെ എം.എല്‍.എയായ ശേഷവും കുവൈത്തിലെത്തുമ്പോള്‍ അദ്ദേഹം നഴ്‌സിംസ് മേഖലയില്‍ അടക്കമുള്ള മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപ്പെടലുകളും നടത്തിയിരുന്നു.
