പതിനഞ്ചാമത് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് നേട്ടം. നിലവില്‍ മത്സരിച്ച 42 എം.പി.മാരില്‍ രണ്ട് മന്ത്രിമാര്‍ അടക്കം 22 പേര്‍ക്ക് പരാജയം. ജയിച്ചവരില്‍ പുതുമുഖങ്ങള്‍ ഏറെ. 50ല്‍ ഒരു വനിത മാത്രം.

കുവൈറ്റ് പാര്‍ലമെന്റിലേക്ക് ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും സ്വതന്ത്രര്‍ക്കും ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായി. കഴിഞ്ഞ മാസം പിരിച്ചുവിടപ്പെട്ട പതിന്നാലാമത് പാര്‍ലമെന്റിലെ അംഗമായിരുന്ന 22 പേര്‍ക്ക് തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടത്. ഇവരില്‍ രണ്ടു മന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ.അലി അല്‍ ഒമര്‍, നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി യാക്കൂബ് അല്‌സാനെ എന്നിവരാണവര്‍. എന്നാല്‍ മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഈസാ അല്കണ്ടാരി തെരഞ്ഞെടുപ്പില്‍ അനായാസം വിജയിച്ചിട്ടുണ്ട്. മുന്‍ പാര്‍ലമെന്റിലെ സ്പീക്കര്‍ മര്‍സൂഖ് അല്ഗാനീം രണ്ടാം തെരഞ്ഞെടുപ്പ് മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കിയാണ് വിജയിച്ചിരിക്കുന്നത്. കൂടാതെ, അഡ്‌നാന്‍ അബ്ദുള്‍ സമദ്, സാലെഹ് അഷൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 20 മുന്‍ എംപിമാര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനായുള്ളൂ. മന്ത്രിമാരെ കുടാതെ തോറ്റ പ്രമുഖര്‍ ഇവരാണ്- അഹമദ് ലാറി, അഹമദ് ബദ്ദര്, യൂസഫ് അല്‌സല്‌സലാ, അബ്ദുള്ള അല്‍ തുജൈരി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച പ്രമുഖ പ്രതിപക്ഷ കക്ഷികളായ ഇസ്ലാമിസ്റ്റ്, നാഷണലിസ്റ്റ്, ലിബറല്‍ ഗ്രൂപ്പുകള്‍ മൂന്ന് വര്‍ഷത്തിനുശേഷം 15 സീറ്റുകള്‍ നേടി. ഇവരുടെ സഖ്യകക്ഷികള്‍ ഏഴിനും പത്തിനുമിടയില്‍ സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ആറു സീറ്റുണ്ടായിരുന്ന ഷിയ വിഭാഗം നാലു സീറ്റുകളായി ചുരുങ്ങി. പതിനാല് സ്ത്രീകള്‍ മല്‍സരിച്ചതില്‍ സാഫ അബ്ദുള്‌റഹ്മാന്‍ അല്‍ ഹാഷീമിന് മാത്രമാണ് വിജയിക്കാനായത്. പെട്രോള്‍ വില വര്‍ധനവ് അടക്കമുള്ള ജനപ്രിയമല്ലാത്ത നിരവധി നിയമങ്ങള്‍കൊണ്ടുവന്ന നടപടികളില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ അംഗങ്ങള്‍ പരാജയപ്പെട്ടതും, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിച്ച പ്രമുഖ കക്ഷികള്‍ മല്‍സരരംഗത്തുണ്ടായിരുന്നതും നിലവിലെ അംഗങ്ങളുടെ പരാജയകാരണമായി.