കുവൈത്ത്: കുവൈത്തില്‍ പെതുമാപ്പ് കലാവധി രണ്ട് മാസം കൂടി നീട്ടി. മറ്റന്നാള്‍ അവസാനിക്കാനിരുന്ന പെതുമാപ്പാണ് ആഭ്യന്തര മന്ത്രാലയം ഏപ്രില്‍ 22 വരെ നീട്ടിയത്. 

കഴിഞ്ഞ മാസം 29 നാണ് താമസകുടിയേറ്റ നിയമ ലംഘകര്‍ക്ക് രാജ്യം വിട്ട് പോകുന്നതിന് 25 ദിവസത്തേക്ക് പെതുമാപ്പ് പ്രഖ്യാപിച്ചത്. ഇതാണ് ഇന്ന് ഏപ്രില്‍ 22 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി ഖാലിദ് അല്‍ ജറ്ഹാ ഉത്തരവ് ഇറക്കിയത്. ഈക്കാലയളില്‍ പിഴ ഒന്നും ഒടുക്കാതെ താമസകുടിയേറ്റ നിയമ ലംഘകരായി മാറിയിട്ടുള്ളവര്‍ക്ക് രാജ്യം വിടാനാകും. 

പിന്നീട് പുതിയ വിസയില്‍ തിരികെ വരാനൂം സാധിക്കും. എന്നാല്‍, ക്രിമിനല്‍ സിവില്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രസ്തുത ഉത്തരവ് ബാധകമല്ല. രാജ്യത്ത് മൊത്തം ഒന്നര ലക്ഷത്തിലധികം താമസകുടിയേറ്റ നിയമലംഘകരായ വിദേശികള്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 30,000 ല്‍ അധികം ഇന്ത്യക്കാരുണ്ട്. 

പെതുമാപ്പ് പ്രഖ്യാപിച്ച് മൂന്ന് ആഴ്ചക്കുള്ളില്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയോ, രാജ്യം വിട്ടവരുമായ 30,000 പേരുണ്ടന്നാണ് റിപ്പോര്‍ട്ടുള്ളത്. പലരും രേഖകള്‍ ശരിയാക്കി വരുന്നതിനെപ്പം പുതിയ ഔട്ട് പാസിനായി പോലും വിവിധ എംബസികളെ സമീപിക്കുന്നുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ രണ്ട് മാസം കൂടി ഇളവ് നീട്ടിയത് ആശ്വാസകരമാണ്.