കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ ഇന്ന് മുതല്‍ കുവൈറ്റും അംഗമാകും. 40 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കുവൈറ്റിന് രക്ഷാസമിതിയില്‍ തിരിച്ചെത്തുന്നത്. രണ്ട് വര്‍ഷത്തേക്കാണ് സമിതിയില്‍ കുവൈത്തിന്റെ കാലാവധി.

സുരക്ഷാ കൗണ്‍സിലില്‍ കുവൈറ്റിന് രണ്ട് വര്‍ഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. അറബ് ഗ്രൂപ്പില്‍ നിന്നും ഈജിപ്തിനു ശേഷമാണ് കുവൈറ്റിന് അംഗത്വം ലഭിച്ചിരിക്കുന്നത്. യുഎന്‍ പൊതുസഭയിലെ 193 അംഗങ്ങളില്‍ 188 പേരും സുരക്ഷാ കൗണ്‍സിലില്‍ കുവൈറ്റിന്റെ അംഗത്വത്തെ പിന്താങ്ങിയതായി കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഒത്തൈബി പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ കുവൈറ്റിന് സാധിച്ചുവെന്നതിന്റെ തെളിവാണിത്. കലാപങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് അവയെ തടയുകയാണ് കുവൈറ്റിന്റെ പ്രഥമപരിഗണന. ഇത് യുഎന്നിന്റെ നിര്‍ദേശങ്ങളനുസരിച്ച് അനുരഞ്ജന ചര്‍ച്ചകളിലൂടെ സാധ്യമാക്കാവുന്നതാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍, വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് മറ്റ് അംഗരാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും നിഷ്പക്ഷ നിലപാട് തുടരുമെന്നും കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് സാബാ ഖാലിദ് അല്‍ ഹമദ് അല്‍ സാബായും വ്യക്തമാക്കി. വിവിധ മേഖലകളിലും രാജ്യങ്ങളിലും നിലനില്‍ക്കുന്ന യുദ്ധങ്ങളും കലാപങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിലെ മറ്റ് അംഗങ്ങളോട് സഹകരിക്കും. 

ആഗോളതലത്തില്‍ തങ്ങളുടെ ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് യുഎന്നിലെ വിവിധ സംഘടനകളില്‍ പരിഷ്‌കരണം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്നിന്റെ സുരക്ഷാ കൗണ്‍സിലില്‍ 15 അംഗരാജ്യങ്ങളാണുള്ളത്. അഞ്ച് സ്ഥിരം അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗങ്ങളും. യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങള്‍.