കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് തടയിടാന്‍ ഹോട്ട്‌ലൈന്‍ സഹായവുമായി മനുഷ്യാവകാശ സമിതി. ഹിന്ദി അടക്കമുള്ള അഞ്ച് ഭാഷകളില്‍ ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിദേശികളെ തങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തി ചൂഷണങ്ങള്‍ തടയുകയാണ് കുവൈത്ത് മനുഷ്യാവകാശ സമിതി ലക്ഷ്യമാക്കുന്നത്. 

ഇതിന്‍റെ ഭാഗമായി, തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാനും സംശയങ്ങള്‍ക്ക് മറുപടിനല്‍കാനുമായിട്ടാണ് 22215150 എന്ന ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതില്‍ വിളിച്ചാല്‍ വിദേശികള്‍ക്ക് അവരുടെ തൊഴില്‍നിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും അറിയാമെന്ന് മനുഷ്യാവകാശ സമിതി ചെയര്‍മാര്‍ ഖാലിദ് അല്‍ ഹമീദി അറിയിച്ചു. 

അറബി, ഹിന്ദി,ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പിനോ,ഉറുദു, എന്നീ ഭാഷകളില്‍ സഹായംലഭ്യമാകും. തൊഴില്‍നിയമങ്ങള്‍, മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും തീരുമാനങ്ങള്‍, നിയമനടപടികള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് മറുപടി ലഭ്യമാകും. ഇതിനായി നിയമവിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളെ ബോധവത്കരിക്കുന്നതിനായി അഞ്ചു ഭാഷകളില്‍ പ്രത്യേക വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. 

അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും ഉപയോഗിച്ചും തൊഴിലാളികളില്‍ സന്ദേശം എത്തിക്കും. കാരിക്കേച്ചറുകളിലൂടെയും പോസ്റ്ററുകളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പരസ്യം ചെയ്തും തൊഴില്‍ നിയമങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ചെയര്‍മാര്‍ അറിയിച്ചു.