ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കി കുവൈത്ത്. വിമോചനത്തിന്റെ ഇരുപത്തിയേഴാം വാർഷികമാണ് രാജ്യം വിമോചന ദിനമായി ആഘോഷിച്ചത്. 1990 ഓഗസ്റ്റ് 2നാണ്, സദ്ദാം ഹുസൈന്റെ ഇറാഖി സൈന്യം കുവൈത്തിന് കീഴ്‌പ്പെടുത്തിയത്. ഇറാക്കിന്റെ അധിനിവേശത്തെ അപലപിച്ച ഐക്യരാഷ്ട്ര സഭ നിരവധി തവണ പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടര്‍ന്ന്,ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്‌റ്റോം എന്നു പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 32 രാജ്യങ്ങളില്‍നിന്നുള്ള സൈനികര്‍ ഇറാഖിനെതിരേ പോരാട്ടം തുടങ്ങി. ഏഴുമാസങ്ങള്‍ക്കുശേഷം 1991 ഫെബ്രുവരി 26 ന് സഖ്യസേന കുവൈറ്റിനെ മോചിപ്പിച്ചു.

ലക്ഷക്കണക്കിന് കുവൈത്തികളുടെ ആത്മാഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിമോചനദിനം. 27-വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളെ മണ്ണില്‍ കടന്ന് കയറി ആക്രമണം നടത്തിയവരുടെ സ്ഥിതി ഇന്ന് ദയനീയമാണ്. ഗള്‍ഫ് യുദ്ധവും തുടര്‍ന്ന് തീവ്രവാദ ആക്രമണങ്ങളും കൊണ്ട് തകര്‍ന്ന ഇറാഖിന്റെ പുനര്‍നിമ്മാണത്തിന് വേണ്ടി നടത്തിയ രാജ്യാന്തര സമ്മേളനത്തിന് ഈ മാസം ആതിഥ്യം വഹിച്ചത് പോലും കുവൈത്തായിരുന്നു.