കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തുന്ന മെഡിക്കല്‍ സേവന ഫീസ് വര്‍ധന ഈമാസം പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. രണ്ട് ഘട്ടങ്ങളിലായിട്ടാവും ഫീസ് വര്‍ധിപ്പിക്കുക. ഒരു പ്രദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദേശികളുടെ മെഡിക്കല്‍ സേവന ഫീസ് വര്‍ധന ഈമാസം പ്രാബല്യത്തിലാകുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി സ്ഥിരീകരിച്ചത്.

മന്ത്രാലയത്തിലെ വിവിധ അണ്ടര്‍ സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇത് എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അനുവദിക്കുന്ന സേവനങ്ങള്‍ തരം തിരിച്ച് ഫീസ് വര്‍ധന ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങര്‍ അണ്ടര്‍ സെക്രട്ടറിമാരുടെ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. ആദ്യഘട്ടത്തില്‍ സന്ദര്‍ശക വിസകളിലെത്തുന്ന വിദേശികള്‍ക്കാണ് മെഡിക്കല്‍ സേവന ഫീസ് വര്‍ധിപ്പിക്കുക. അതിനുശേഷം രണ്ടാം ഘട്ടത്തിലാണ് തൊഴില്‍ ആശ്രിത വിസകളില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കിത് ബാധകമാക്കും. വിദേശികളുടെ ആരോഗ്യ സേവന ഫീസ് വര്‍ധിപ്പിക്കുന്ന കാര്യം ഈദുല്‍ ഫിത്തറിന് ശേഷം പ്രാബല്യത്തിലാക്കുമെന്ന് റമാദാന്‍ അവസാനം നടത്തിയ പ്രസ്താവനയില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു. ഫീസ് വര്‍ധനവ് ഉണ്ടായലും, സ്വകാര്യ ആശുപത്രികള്‍ വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസിനോളം വരികയില്ലെന്നാണ് അധികൃതര്‍ വിശദീകരണം.

കഴിഞ്ഞ ഫെബ്രവരിയില്‍ വിദേശികള്‍ക്കുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സേവന ഫീസ് വര്‍ധിക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍, അത് നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനങ്ങള്‍ വേണമെന്ന ആവശ്യവുമുയര്‍ന്നതിനെ തുടര്‍ന്നാണ് ഉന്നത തല സമിതി വിഷയം പഠിക്കുന്നത്.