കുവൈത്ത് മന്ത്രിസഭ പിരിച്ചുവിട്ട പശ്ചാതലത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അമീര്‍ ഷേഖ് സബാ എംപിമാരുടെ അനൗപചാരിക സമ്മേളനം വിളിച്ചു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ ഓരോ ദിവസവും അതിവേഗം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രതയോടും വിവേകത്തോടും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണന്നും പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഘാനിം പറഞ്ഞു.

മേഖലയിലെ യഥാര്‍ഥ അപകടങ്ങള്‍ മനസിലാക്കി മുന്‍ഗണനാ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്പീക്കര്‍ മര്‍സേൂഖ് അല്‍ ഘാനിം എംപിമാരോട് നിര്‍ദേശിച്ചു. ഇത്തരം വിഷയങ്ങള്‍ പൂര്‍ണമായ സുതാര്യതയോടെ രാജ്യത്തെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കണം. അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബായക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി അണിനിരക്കണം. വെല്ലുവിളികളെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന അമീറിന്റെ സന്ദേശം നാളെ പാര്‍ലമെന്റില്‍ അറിയിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദേശീയ അസംബ്ലിയുടെ ഒന്നാമത്തെ യോഗത്തിനുശേഷം സര്‍ക്കാരും എംപിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം വര്‍ധിച്ചിരുന്നു.
തുടര്‍ന്ന് വാര്‍ത്താവിനിമയ, ക്യാബിനറ്റ് കാര്യ മന്ത്രിയായിരുന്ന ഷേഖ് മൊഹമ്മദ് അല്‍ അബ്ദുള്ള അല്‍ സാബായ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരികയും നിരവധി എംപിമാര്‍ അതിനെ പിന്താങ്ങുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മന്ത്രിസഭ രാജിവച്ചിരുന്നു. രാജി സ്വീകരിച്ച അമീര്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ സാബായെ നിയോഗിച്ചിട്ടുമുണ്ട്.എന്നാല്‍, പുതിയ മന്ത്രിസഭയില്‍ പഴയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനെതിരെ നിരവധി എംപിമാര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കഴിവുള്ളവരും പ്രഗത്ഭരുമായവരെ തെരഞ്ഞെടുത്ത് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന പുതിയ നയം പ്രധാനമന്ത്രി സ്വീകരിക്കണമെന്നാണ് എംപിമാരുടെ ആവശ്യപ്പെട്ടിരിക്കുന്നത്.

kuwait mp meet