കുവൈത്തില്‍ ചെറിയ സാന്പത്തിക കേസുകള്‍ കൈക്കാര്യം ചെയ്യാന്‍ ഏകദിന കോടതികള്‍ തുടങ്ങാന്‍ നീക്കമുണ്ടന്ന് നീതിന്യായ വകുപ്പ്. പൂര്‍വിക സ്വത്ത് സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങള്‍, ടെലിഫോണ്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയ കേസുകള്‍ തുടങ്ങിയ ചെറിയ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 'ഏകദിന' കോടതികള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടന്നാണ് നീതിന്യായ, പാര്‍ലമെന്ററിവകുപ്പ്കാര്യ മന്ത്രി ഡോ. ഫാലെഹ് അല്‍ അസെബ് വ്യക്തമാക്കിയിരിക്കുന്നത്. അധിക സാമ്പത്തിക ബാധ്യതയുണ്ടാകാതെ ജീവനക്കാരെ രണ്ടു ഷിഫ്റ്റുകളായി നിയമിച്ചുകൊണ്ട് കോടതികള്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളാവും സ്വീകരിക്കുക. വൈകിട്ട് നാലിന് ആരംഭിച്ച് രാത്രി എട്ടിന് അവസാനിക്കുന്നതായിരിക്കും തരത്തിലായിരിക്കും ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കൂടാതെ,പിന്തുടര്‍ച്ചാവകാശവും പൂര്‍വിക സ്വത്തും സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണനയിലുണ്ട്. ഇത്തരം കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് 20 വര്‍ഷങ്ങളോളം താമസം നേരിടുന്നതു പരിഗണിച്ചാണ് പ്രത്യേക കോടതിയ്ക്ക് നീക്കം. ഇതിന്റെ കരടുനിയമം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
