കുവൈത്ത്: വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റ് ക്രമക്കേട് വിഷയങ്ങളില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയ അധികൃതരെ വിചാരണ ചെയ്യണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ. മുന്‍കാലങ്ങളില്‍ ആരോഗ്യമന്ത്രാലയത്തില്‍ നടന്ന ഭരണപരമായ ക്രമക്കേടുകളെയും അഴിമതി ആരോപണങ്ങളെക്കുറിച്ചുമാണ് പാര്‍ലമെന്റ് കമ്മിറ്റി അന്വേഷണം നടത്തിയത്. ഇതില്‍ കഴമ്പുണ്ടന്ന് കണ്ടെത്തിയതോടെയാണ് കമ്മിറ്റി ആരോഗ്യമന്ത്രാലയ അധികൃതരെ വിചാരണ ചെയ്യണമെന്ന് ശുപാര്‍ശ നല്‍കിയത്. 

വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി, 2013നും 2017നുമിടയില്‍ നഴ്‌സിങ് റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട മന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി, നഴ്‌സിങ് സര്‍വീസസ് ഡയറക്ടര്‍, കരാര്‍ ഒപ്പിട്ട കമ്പനികളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തില്‍ നിയമനത്തിനായി വിദേശ നഴ്‌സുമാരില്‍നിന്ന്, പ്രധാനമായും ഇന്ത്യന്‍ നഴ്‌സുമാരില്‍ നിന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ ദശലക്ഷക്കണക്കിന് ദിനാര്‍ കോഴയായി കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതേ വിഷയത്തില്‍ രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തി വരുകയാണ്. 

മുന്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ നഴ്‌സിംഗ് വിഷയത്തില്‍ ആരോഗ്യമന്ത്രാലയ ഉന്നതര്‍ക്ക് സാമ്പത്തിക ഇടപാടില്‍ പങ്കെുണ്ടന്ന തരത്തില്‍ പ്രമുഖമായ ഒരു കുവൈത്ത് മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു. സ്വദേശികള്‍ക്കു വിദേശ ചികിത്സാ സംവിധാനം ഒരുക്കുന്നതിലെ ക്രമക്കേടുകള്‍ അടക്കം ആരോഗ്യമന്ത്രാലയത്തിലെ ഏഴു വിഷയങ്ങള്‍ അന്വേഷണത്തിനു വിടണമെന്നാണ് ശുപാര്‍ശ.