കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം പ്രാദേശികമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തി വെച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലേക്കുമായി നഴ്‍സുമാരെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാനായി പ്രത്യേക റിക്രൂട്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചതായും മന്ത്രാലയവൃത്തങ്ങള്‍ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

പൂര്‍ണ്ണമായും ലോക്കല്‍ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വയക്കാനും പകരം വിദേശരാജ്യങ്ങളില്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയമിക്കാനുമാണ് തീരുമാനം. ഇതിനായി പ്രത്യേക റിക്രൂട്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചതായും പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിവും പരിചയവുമുള്ള നഴ്‌സുമാരെ നിയമിക്കുന്നതിലൂടെ ആരോഗ്യമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനാകും. അതോടെപ്പം നഴ്‌സിംഗ് നിയമനത്തിന്റെ പേരില്‍ നടക്കുന്ന അഴിമതികളെ ഇല്ലാതാക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

നഴ്‌സുമാരെ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനായി മന്ത്രാലയം സെലക്ഷന്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഇന്റര്‍വ്യൂകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഇടനിലക്കാരില്ലാതെ ആരോഗ്യ മന്ത്രാലയം നേരിട്ട് റിക്രൂട്ടിങ് നടത്തുന്നത് ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങള്‍ ഇല്ലാതാക്കുമെന്നാണ് കണക്കൂട്ടല്‍.

എന്നാല്‍ സന്ദര്‍ശന വിസയിലും കുടുംബ വിസയിലും കുവൈറ്റിലെത്തി നഴ്‌സിങ് ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.