കുവൈറ്റിന്റെ എണ്ണയുല്‍പാദനം പ്രതിദിനം നാലു ദശലക്ഷം ബാരലായി ഉയര്‍ത്താനുള്ള ശ്രമം 2020 ല്‍ ലക്ഷ്യം കാണുമെന്ന് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍. എണ്ണ ഉല്‍പ്പാദനത്തിനൊപ്പം എണ്ണശുദ്ധീകരണത്തിനും ബൃഹത്തായ പദ്ധതികളാണ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ തയാറാക്കുന്നത്.
2020 ല്‍ കുവൈറ്റ് പെട്രോളിയം കോര്‍പറേഷനും മറ്റ് അനുബന്ധ കമ്പനികളും ചേര്‍ന്ന് അസംസ്‌കൃത എണ്ണയുടെ ഉല്‍പാദനം പ്രതിദിനം നാലുദശലക്ഷം ബാരലാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരുകയാണ്. 2023 ഓടെ പ്രകൃതിവാതക ഉല്‍പാദനം പ്രതിദിനം ഒരുലക്ഷംകോടി ഘനയടിയായി വര്‍ധിപ്പിക്കുമെന്നും കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സിഇഒയും ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായ അല്‍ അഡ്‌സാനി പറഞ്ഞു.
പ്രകൃതിവാതക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് മൂന്ന് പുതിയ വാതക പദ്ധതികള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കും. ലക്ഷ്യം കൈവരിക്കുന്നതിനായി വടക്കന്‍ കുവൈറ്റിലെ പ്രകൃതിവാതക പാടങ്ങള്‍ വികസിപ്പിക്കും. ഉല്‍പാദിപ്പിക്കപ്പെടുന്ന എണ്ണ സംഭരിക്കുന്നതിനായി അടുത്ത മാര്‍ച്ചോടെ രണ്ട് കൂറ്റന്‍ സംഭരണ പദ്ധതികള്‍ ആരംഭിക്കും. റാത്ഖാ എണ്ണപ്പാടത്തുനിന്നുള്ള ഉല്‍പാദനം 2019 മേയോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ഇവിടെനിന്നും പ്രതിദിനം 60,000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷം എണ്ണക്കിണറുകളുടെ എണ്ണം 130 ല്‍നിന്ന് 180 ആയി വര്‍ധിപ്പിക്കാനും കെപിസിക്ക് പദ്ധതിയുണ്ട്. എണ്ണയുല്‍പാദനത്തിനൊപ്പം എണ്ണശുദ്ധീകരണത്തിനും ബൃഹത്തായ പദ്ധതികളാണ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ തയാറാക്കുന്നത്. പ്രതിദിനം രണ്ടു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനുള്ള പദ്ധതി വിയറ്റ്‌നാമില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒമാനിലും ഇത്തരത്തിലുള്ള ഒരു എണ്ണ ശുദ്ധീകരണശാല ആരംഭിക്കാനുള്ള നീക്കവും നടക്കുന്നുതായും സി.ഇ.ഒ പറഞ്ഞു.
