കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് പിരിച്ച് വിടുമെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഒക്‌ടോബര്‍ 24-ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റ് പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ മര്‍സോഖ് അല്‍ ഘാനിം ,രാജ്യത്ത് പിരിമുറുക്കം സൃഷ്ടിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം വ്യാജവാര്‍ത്തകളെന്നും പറഞ്ഞു.

ഈ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഇപ്രകാരമുള്ള വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു.ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സാഹചര്യമില്ലെന്നും ,അനിനുള്ള അധികാരം അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബായ്ക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ 24-ന് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ആരംഭിക്കും. ഇതു സംബന്ധിച്ച് അമീറിന്റെ ഉത്തരവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സമ്മേളനത്തില്‍ നിരവധി മന്ത്രിമാര്‍ ചോദ്യംചെയ്യല്‍ ഭീഷണി നേരിടുന്നുണ്ട്. അതിന് എംപിമാര്‍ക്ക് ഭരണഘടനാ അവകാശമുണ്ടന്നും,ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതിനിടെ,ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കുമെന്ന് പ്രാദേശിക ദിനപത്രങ്ങളിലും ചില സാമൂഹ്യ മാധ്യമങ്ങളിലുമായി പ്രചരിക്കുന്ന വാര്‍ത്തകളും അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.