കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കാത്ത സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് സാമ്പത്തികാര്യ മന്ത്രാലയം. ഇത്തരത്തില്‍പെട്ട ആയിരക്കണക്കിന് ഫയലുകള്‍ ഇപ്പോള്‍ മരവിപ്പിച്ചിട്ടുണ്ട്. ഫയലുകള്‍ പുതുക്കിനല്‍കുന്നവര്‍ക്ക് മാത്രമേ സഹായം നല്‍കുകയുള്ളുവെന്ന് സാമൂഹിക-സാമ്പത്തിക കാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബൈഹ് വ്യക്തമാക്കി.

സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുന്നതിനിടെയിലും സ്വദേശികള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് മന്ത്രി ഹിന്ദ് അല്‍ സബൈഹ് വ്യക്തമാക്കി. എന്നാല്‍, ഇനിയും വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കാത്തവര്‍ക്ക് അവരുടെ ഫയലുകള്‍ പുതുക്കുന്നതോടെ മാത്രമേ സാമ്പത്തിക സഹായം അനുവദിക്കൂ.

ഇത്തരത്തില്‍ ഉള്‍പ്പെട്ട പതിനായിരക്കണക്കിന് ഗുണഭോക്താക്കളുടെ ഫയലുകള്‍ മരവിപ്പിച്ചിട്ടുണ്ട്.അവ പുതുക്കി നല്‍കാന്‍ പൗരന്‍മാര്‍ക്ക് അറിയിപ്പു നല്‍കിയിട്ടും പലരും പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈകല്യങ്ങളുള്ള 41,000 പേര്‍ക്ക് ഇപ്പോള്‍ പ്രതിമാസ സാമ്പത്തിക സഹായം എത്തിക്കുന്നുണ്ട്. ഇവരില്‍ 50 സ്ത്രീകളും ഉള്‍പ്പെടുന്നതായി മന്ത്രി പറഞ്ഞു.

കൂടാതെ, 20 വര്‍ഷത്തെ വികസന പദ്ധതിയുടെ ഭാഗമായി സ്വകാര്യവത്കരണ കമ്മിറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 37 പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവത്കരണം സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരികയാണെന്നും മൂന്നു മാസത്തിനുള്ളില്‍ കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സാമൂഹികകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ദീര്‍ഘകാല വികസന പദ്ധതിയും പുതിയ സാമ്പത്തിക നയങ്ങളും തമ്മില്‍ ഐക്യമുണ്ടാകേണ്ടതിന് നിയമഭേദഗതികള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.