കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ നടത്താന്‍ തീരുമാനം. വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ അധികാരം ദുരുപയോഗിച്ചെന്നാണ് പ്രധാനമന്ത്രിക്കെതിരായ ആരോപണം. ഈ മാസം 25ന് പാര്‍ലമെന്റിന്റെ വിചാരണ ആരംഭിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ മര്‍സോഖ് അല്‍ ഘാനിം പ്രധാനമന്ത്രിയെ കുറ്റവിചാരണ നടത്താനുള്ള തീയ്യതി അറിയിച്ചത്. എംപിമാരായ ഡോ. വാലീദ് അല്‍ തബ്തബയ്, മര്‍സോഖ് അല്‍ ഖാലിഫ, മൊഹമ്മദ് അല്‍ മുട്യാര്‍ എന്നിവരാണ് കുറ്റവിചാരണയ്ക്കുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ അധികാരം ദുരുപയോഗിച്ചെന്നാണ് പ്രധാനമന്ത്രിക്കെതിരായ ആരോപണം. പൗരത്വം റദ്ദാക്കല്‍ നിയമത്തിലെ അപാകതകള്‍, രാഷ്ട്രീയവും സാധാരണ പൗരന്റെ അവകാശങ്ങളുടെ ലംഘനം, വിവിധ വകുപ്പുകളിലെ അഴിമതി, രാജ്യത്തിന്റെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മന്ത്രിസഭയുടെ പരാജയം, സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് സാമ്പത്തികഭാരം വര്‍ധിപ്പിച്ചു എന്നീ ആരോപണങ്ങള്‍ക്കാണ് പ്രധാനമന്ത്രി മറുപടി പറയേണ്ടത്.

കഴിഞ്ഞ ഫെബ്രുവരിയില്‍, കുറ്റവിചാരണയും തുടര്‍ന്ന് അവിശ്വാസവും നേരിടേണ്ടി വന്നിരുന്ന സാഹചര്യത്തില്‍ വാര്‍ത്താവിനിമയ യുവജനകാര്യ വകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ സാലെം അല്‍ ഹുമുദ് അല്‍ സാബാ രാജി വച്ചിരുന്നു. 50 അംഗ പാര്‍ലമെന്റില്‍ 31 അംഗങ്ങളും അവിശ്വാസത്തെ പിന്താങ്ങുമെന്ന് അറിയിച്ചതനെ തുടര്‍ന്നായിരുന്നു രാജി.