എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് സുദീര്‍ഘമായ 16 വര്‍ഷത്തെ മിച്ച ബജറ്റിനുശേഷം രാജ്യത്തെ അപൂര്‍വമായ കമ്മി ബജറ്റിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണന്ന് ധനകാര്യ വകുപ്പ് മന്ത്രി അനസ് അല്‍ സാലെഹ് പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ബജറ്റ് കമ്മി 4.6 ലക്ഷംകോടി കുവൈറ്റ് ദിനാറായിരുന്നു. 1999 മാര്‍ച്ചിനുശേഷം ആദ്യമായാണ് ബജറ്റ് കമ്മിയിലെത്തിയത്. 

എണ്ണയില്‍നിന്നുള്ള വരുമാനം 45 ശതമാനം കുറഞ്ഞ്, 45.2 ലക്ഷംകോടി ഡോളറായി. എന്നാല്‍ ചെലവ് 14.8 ശതമാനം മാത്രമാണ് കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ മൊത്തവരുമാനത്തിന്റെ 95 ശതമാനവും പെട്രോളിയത്തില്‍നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89 ശതമാനം മാത്രമാണ് മൊത്തവരുമാനത്തില്‍ പെട്രോളിയത്തിന്‍റെ സംഭാവന. 

ഏകദേശം 600 ലക്ഷംകോടി ഡോളറിന്‍റെ സമ്പത്ത് ഫണ്ട് മുന്‍വര്‍ഷങ്ങളിലായി കുവൈത്ത് സമ്പാദിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ വന്‍കരകളിലാണ് ഈ തുകയിലേറെയും നിക്ഷേപിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 28.9 ലക്ഷംകോടി ഡോളറാണ് കമ്മിയായി കണക്കാക്കുന്നത്. രാജ്യത്തെ ബജറ്റ് കമ്മി കുറയ്ക്കാന്‍ അന്താരാഷ്ട്ര വിപണിയില്‍ കടപ്പത്രമിറക്കി ഫണ്ട് സ്വരുക്കൂട്ടാനാണ് പദ്ധതിയെന്ന് കഴിഞ്ഞമാസം പാര്‍ലമെന്‍റില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. 

കൂടാതെ, ആഭ്യന്തര വിപണിയില്‍ പെട്രോള്‍വില ഉയര്‍ത്താനും,ഒപ്പം, വിദേശികള്‍ക്കുള്ള വെള്ളം, വൈദ്യുതി നിരക്കുകളും വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.