കഴിഞ്ഞ വെള്ളിയാഴ്ച മെക്‌സികോ സിറ്റിയില്‍ നടന്ന ഫിഫയുടെ ആറുപത്തിയാറാമത് കോണ്‍ഗ്രസാണ് സസ്‌പെന്‍ഷന്‍ ശരിവച്ചത്. രാജ്യത്തെ കായിക നിയമത്തിലെ ചില വകുപ്പുകള്‍ ഫിഫയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു കുവൈത്തിനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് ഫിഫ വിലക്കിയത്. ഫുട്‌ബോളിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സസ്‌പെന്‍ഷന്‍ നീക്കാനാവശ്യമായ നടപടികള്‍ സംബന്ധിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പബ്ലിക് അതോറിട്ടി ഓഫ് സ്‌പോര്‍ട്‌സിനോട് മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിനുശേഷം ക്യാബിനറ്റ് കാര്യ മന്ത്രി ഷേഖ് മൊഹമ്മദ് അല്‍ അബ്ദുള്ള അല്‍ മുബാരക് അല്‍ സാബാ വ്യക്തമാക്കി. അന്താരാഷ്ട്ര തലങ്ങളിലെ നിദേശങ്ങളും നിയമങ്ങള്‍ രാജ്യം പാലിക്കാന്‍ എപ്പോഴൂം ശ്രമിച്ചിട്ടുണ്ട്. കായികരംഗത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനും കായികതാരങ്ങള്‍ക്ക് തങ്ങളുടെ ഇനങ്ങള്‍ പരിശീലിക്കുന്നതിനും തടസമായ ഘടകങ്ങള്‍ നീക്കാന്‍ തയ്യാറാകണം. സസ്‌പെന്‍ഷന്‍ നടപടികള്‍ പുനരവലോകനം ചൈയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫിഫയക്ക് പുറമേ, ഇതേ കാരണത്താല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി,ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ എന്നിവരും കുവൈറ്റിനെ സസ്‌പെന്റ് ചെയ്തിരുന്നു.