കുവൈത്ത് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കിയതോടെ, കുവൈത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് ജോലി രാജിവയ്‌ക്കുന്നവര്‍ ഏറുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ദരിച്ച് പ്രദേശിക അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി ചെയ്യുന്നവരെ കണ്ടെത്താനുള്ള നീക്കം അന്തിമ ഘട്ടത്തിലാണന്നും, പിടികൂടുന്നവരെ നിയമനടപടിക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന 50 -ഓളം അടുത്തകാലത്തായി രാജി വച്ചതായി പ്രദേശിക അറബ് പത്രമായ അല്‍ ഷാഹീദ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതില്‍ 17 ഡോക്ടര്‍മാരുടെ അപ്രതീക്ഷിത രാജിയും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് അധികൃതര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായി ഉന്നത തല സമിതിയെ ചുമതലപ്പെടുത്തിയത്.
ബന്ധപ്പെട്ട സമിതിയുടെ അന്വേഷണം വ്യാപിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മൊഹമ്മദ് അല്‍ ഫാരെസ് നിര്‍ദേശം നല്‍കുമെന്നാണ് സൂചന. എന്നാല്‍, അന്വേഷണം വ്യാപിപ്പിക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരമില്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.
