യെമന്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മുഖ്യമേല്‍നോട്ടത്തില്‍ രൂപീകരിച്ച സബ്കമ്മിറ്റികളുടെ ചര്‍ച്ചകളിലാണ് പുരോഗതിയുണ്ടായലിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയമായ പരിഹാരം, രാജ്യസുരക്ഷ, ബന്ദികളുടെയും തടവുകാരുടെയും മോചനവും കൈമാറലും തുടങ്ങിയ വിഷയങ്ങളിലാണ് സബ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തത്. പരസ്പര അനുകമ്പയുടെ പ്രതീകമായി തടവുകാരെ മോചിപ്പിക്കുകയോ കൈമാറുകയോ ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച വിജയകരമായിരുന്നു. ഇതിന്റെ ഭാഗമായി വിശുദ്ധ മാസമായ റമദാനുമുമ്പ് പകുതിയോളം ബന്ദികളെ മോചിപ്പിക്കാന്‍ പ്രാഥമികമായി ധാരണയായിട്ടുണ്ട്. സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മൂന്നു കക്ഷികളില്‍നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് സബ്കമ്മിറ്റിയിലുള്ളത്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളെ പ്രതിനിധീകരിച്ച് പ്രദേശിക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായി. രാഷ്ട്രീയ അധികാര കൈമാറ്റം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കമ്മിറ്റികളുടെ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുമുണ്ട്. കഴിഞ്ഞ മാസം 21നാണ് കുവൈത്തില്‍ സര്‍ക്കാറും, വിമത വിഭാഗവും, അന്‍സറുള്ള മൂവ്‌മെന്റും ഒന്നിച്ചാണ് സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്.