കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തമാസം 26-ന് നടക്കും. മന്ത്രിസഭയോഗത്തിന് ശേഷം പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി ഔദ്യോഹിക വാര്‍ത്ത ഏജന്‍സിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസമാണ് അമീര്‍ പാര്‍ലമെന്റ് പിരിച്ച് വിട്ടത്.അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കാലം നിലനിന്ന പാര്‍ലമെന്റാണ് കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്‌മദ് അല്‍ ജാബെര്‍ അല്‍ സാബാ പിരിച്ചുവിട്ടത്.
ഭരണഘടന അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനകം പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം അടുത്ത മാസം 26-ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന തീരുമാനം കൈക്കൊണ്ടത്. തീരുമാനം അമീറിന്റെ അംഗീകാരത്തിനായി അയച്ചു. മൂന്ന് മന്ത്രിമാര്‍ രാജി വച്ചതായി പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി ഷേഖ് മുഹമദ് അബ്ദുള്ള അല്‍ മുബാറഖ് അല്‍ സബ മന്ത്രിസഭായോഗത്തിനുശേഷം വ്യക്കമാക്കി.
അലി സാലെ അല്‍ ഒമൈയര്‍, ഇസാ അഹമദ് അല്‍ ഖന്ദരി, യാക്കൂബ് അല്‍ സനെന്‍ എന്നിവരാണത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ഇവര്‍ മന്ത്രി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. നാലു വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി.അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന പത്ത് പേരെവച്ച് അമ്പത് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.
2006-ന് ശേഷം ഇതുവരെ കുവൈത്തില്‍ ഒരു പാര്‍ലമെന്റിനും കാലാവധി പൂര്‍ത്തികരിക്കാനായിട്ടില്ല. 2006, 2008, 2011 എന്നീ വര്‍ഷങ്ങളില്‍ വിവിധ രാഷ്ട്രീയ കാരണങ്ങളാലും, 2013-ഭരണഘടനാ കോടതിയുടെ ഉത്തരവുമൂലവുമാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
