കാലാവസ്ഥാ വ്യതിയാനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങള്‍ കുറയ്‌ക്കുന്നതിന് നടത്തുന്ന ധാരണാ ചര്‍ച്ചകളില്‍ ഫലപ്രദമായും നിരന്തരം പങ്കെടുക്കുകയും, പാരീസ് കരാര്‍ വരെയുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് കുവൈറ്റ് ശ്രമിച്ചിട്ടുണ്ടെന്നും അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ വ്യക്തമാക്കി. നമ്മുടെ ഗ്രഹവും അതിന്റെ പരിസ്ഥിതികളും നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി മനസിലാക്കി, കാലാവസ്ഥാ സംവിധാനത്തെ പരിഷ്‌കരിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് അമീര്‍ ഉദ്‌ബോധിപ്പിച്ചു. അന്താരാഷ്‌ട്ര ധാരണകള്‍ക്കനുസരിച്ച് സ്വമേധയാ നടത്തിയ ശാസ്‌ത്രീയവും സാമ്പത്തികവുമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനുള്ള പദ്ധതികള്‍ കുവൈറ്റ് തയാറാക്കിയിട്ടുണ്ട്. 

ലഭ്യമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് എണ്ണഖനന കേന്ദ്രങ്ങള്‍ മാറ്റാനും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും വ്യവസായത്തിന്റെയും വളര്‍ച്ചയ്‌ക്ക് ദോഷമാകാതെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യവസായ മേഖലയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അമീര്‍ വ്യക്തമാക്കി. പെട്രോളിയത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്തിനാവശ്യമായ വൈദ്യുതിക്ക് മറ്റു പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍കൂടി നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.