ശനിയാഴ്ച നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ നിയമവിരുദ്ധമായി പോസ്റ്ററുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പതിപ്പിക്കുന്നതിനെതിരേ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കുന്നതിനും റോഡ് അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ഗതാഗത വകുപ്പ് മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രാലയത്തിലെ ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവായ വ്യക്തമാക്കി. രാജ്യത്തിന്റെ പതാകയോ ചിഹ്നങ്ങളോ അല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെയോ ലൈസന്‍സില്ലാത്ത സംഘടനകളുടെയോ ഗ്രൂപ്പുകളുടെയോ പോസ്റ്ററുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ഉദ്ദേശിക്കുന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ റോഡുകളിലും 24 മണിക്കൂറും ഗതാഗതം നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടന്നും അധികൃതര്‍ വ്യക്തമാക്കി.