കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനായുള്ള വിദേശികളുടെ പ്രതിമാസ വേതന പരിധി ഉയര്‍ത്താന്‍ നീക്കം. വിദേശികളുടെ എണ്ണം നിയന്ത്രിക്കന്നതിന്റെ ഭാഗമായാണ് ആശ്രിത വിസ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്.
ഭാര്യ, കുട്ടികള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് നിലവില്‍ ആവശ്യമായ പ്രതിമാസ വേതനം 250 ദിനാറാണ്. ഇത് 450 ദിനാറാക്കാനാണ് നിര്‍ദേശമുള്ളത്. കേന്ദ്ര സ്റ്റാറ്റസ്റ്റിക്കല്‍ ബ്യൂറോയുടെ കണക്കനുസരിച്ച് സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന വിദേശിക്ക് ലഭിക്കുന്ന പ്രതിമാസ വേതനം ശരാശരി 251 ദിനാറാണ്. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവരില്‍ 95 ശതമാനവും വിദേശികളാണ്. ഇപ്രകാരമുള്ള വര്‍ധന നടപ്പാക്കിയാല്‍ നിരവധിപേര്‍ക്കാവും ആശ്രിതവിസ നഷ്‌ടപ്പെടും.
എന്നാല്‍ പൊതുമേഖലയിലുള്ള 94 ശതമാനം വിദേശ തൊഴിലാളികളും 600 ദിനാറോളം സമ്പാദിക്കുന്നുണ്ട്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി നല്‍കിയിട്ടുള്ള കേസ് ഉള്ളവരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടു ദിനാര്‍ പിഴയുള്ളത് നാലു ദിനാറായി വര്‍ധിപ്പിക്കും. കൂടിയ തുക 600 ല്‍നിന്നും ആയിരം ദിനാറാക്കുകയും ചെയ്യും.
