ഗൾഫ് മേഖലയിലെ സഹോദര രാജ്യങ്ങള്‍ തമ്മിലുടലെടുത്ത നയതന്ത്ര വിഷയത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ തുടരുമെന്ന് കുവൈത്ത് അമീര്‍. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ അകല്‍ച്ച ഒഴിവാക്കുന്നതിനായി അമീര്‍ നടത്തുന്ന ക്രിയാത്മകവും ഉത്തരവാദിത്വപൂര്‍ണവുമായ ശ്രമങ്ങളെ മന്ത്രിസഭയും അഭിനന്ദിച്ചു.
അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢവും ഊഷ്മളവുമാക്കുന്നതിനുള്ള തന്റെ പരിശ്രമം തുടരുമെന്ന് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ വ്യക്തമാക്കി. ബയാന്‍ പാലസില്‍ അറബ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹമ്മദ് അല്‍ സാഗറുമായുള്ള കൂടിക്കാഴ്ചയക്ക്‌ശേഷമാണ് പ്രതികരണം.34 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജി.സി.സി രാജ്യങ്ങളുടെ സഖ്യമുണ്ടാക്കിയത്. ചില രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
അതിനാല്‍, പ്രശ്‌നപരിഹാരം തന്റെ ഉത്തരവാദിത്വമാണെ്. അതുകൊണ്ട് തന്റെ ശ്രമങ്ങളില്‍നിന്ന് പിന്നാക്കം പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ വിഷയത്തില്‍,അനുരഞ്ജന ചര്‍ച്ചകള്‍ക്കായി സൗദി, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ അമീര്‍ കഴിഞ്ഞ ആഴ്ചയില്‍ സന്ദര്‍ശനവും നടത്തിയിരുന്നു.
അതിനിടെ,പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബാ അധ്യക്ഷത കുടിയ മന്ത്രിസഭ യോഗത്തില്‍ അമീര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു. അറബ് ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഐക്യം പുനഃസ്ഥാപിക്കാന്‍ അമീറിന്റെ ശ്രമങ്ങള്‍ക്കു സാധിക്കട്ടെയെന്ന് മന്ത്രിസഭാംഗങ്ങള്‍ ആശംസിച്ചു.
