കുവൈത്തിലെ ഇന്ത്യന്‍ എംബസി അറ്റസ്‌റ്റേഷന്‍ ജോലികള്‍ ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. എംബസി സ്ഥിതിചെയ്യുന്ന ദൈയ്യായില്‍ വാഹന പാര്‍ക്കിങ്ങും മറ്റും പ്രയാസമായ സാഹചര്യത്തിലാണിത്. നടപടി അന്തിമ ഘട്ടത്തിലാണന്ന് സ്ഥാനപതി സുനില്‍ ജെയിന്‍ 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞു.

നിലവില്‍ പാസ്‌പോര്‍ട്ട് , വിസ സേവനങ്ങള്‍ ചെയ്തു വരുന്ന സികെജിഎസ് എന്ന എജന്‍സിക്ക് തന്നെ അറ്റസ്‌റ്റേഷന്‍ നല്‍കുമെന്നാണ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ അറിയിച്ചത്.

ഫാമിലി വിസ, വിസിറ്റ് വിസ തുടങ്ങിയവയ്ക്ക് വേണ്ടി വരുന്നതടക്കം വാര്‍ഷത്തില്‍ ഒരു ലക്ഷത്തോളം അറ്റേസ്‌റ്റേഷനുകളാണ് നിലവില്‍ എംബസിയില്‍ ചെയ്തു വരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം എംബസി പ്രദേശത്തേക്ക്, വരുന്നതിന് തടസം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമെരു നീക്കം.

പ്രത്യേക കൗണ്ടറുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ എജന്‍സികളില്‍ പൂര്‍ത്തികരിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സ്ഥാനപതി പറഞ്ഞു.

ഷെര്‍ഖ്,ഫാഹഹീല്‍,അബ്ബാസിയ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവില്‍ ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങള്‍ ഉള്ളത്. കൂടാതെ, മാസങ്ങളായി ശമ്പളവും ആനുകൂല്ല്യങ്ങളും ലഭിക്കാതെ കഴിയുന്ന ഖറാഫി നാഷണലിലെ 2084 തൊഴിലാളികളുടെ പട്ടിക കുവൈത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഇവിടെ തന്നെ മറ്റെരു കമ്പിനിയിലേക്ക് ഇഖാമ മാറ്റി തുടരാന്‍ താല്‍പര്യമുള്ളവരുടെ പട്ടികയാണ് വിദേശകാര്യ മന്ത്രാലയത്തിനും- തൊഴില്‍ വകുപ്പിനും നല്‍കിയിരിക്കുന്നതെന്നും സ്ഥാനപതി പറഞ്ഞു.