കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എഞ്ചിനിയര്‍മാര്‍ തൊഴില്‍ പ്രതിസന്ധിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ എഞ്ചിനിയര്‍മാര്‍ തൊഴില്‍ പ്രതിസന്ധിയില്‍. വിസയും താമസാനുമതിയും പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സിന്‍റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍റെ അംഗീകാരമുള്ള കോളേജുകളില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് പുതിയ വ്യവസ്ഥയനുസരിച്ച് എന്‍ഒസി ലഭിക്കുക. കേരളത്തിലെ 148 എഞ്ചിനീംയറിങ് കോളേജുകളില്‍ നിലവില്‍ എന്‍ബിയഎയില്‍‍ ഉള്‍പ്പെട്ടിട്ടുള്ളത് 18 കോളേജുകള്‍ മാത്രമാണ്.

പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറാണ് വിദേശ എഞ്ചീനിയര്‍മാരുടെ വിസ പുതുക്കുന്നതിനായി പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചീനിയേഴ്‌സിന്റെ അനുമതിപത്രം ഇല്ലാതെ വിസ പുതുക്കാനും പുതിയത് നല്‍കേണ്ടതല്ലെന്നാണ് ഉത്തരവ്. ഇന്ത്യയില്‍ നിന്ന് നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളജുകളെ മത്രമാണ് കെഎസ്ഇ നിബന്ധനകളോടെ അംഗീകാരം അനുവദിച്ചിട്ടുള്ളു. 2010-ലാണ് എന്‍ബിഎ നിലവില്‍ വരുന്നത്.

അതിന് മുമ്പ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷനിലാണ്. ഇവരാണ് ഇപ്പോള്‍ പുതിയ മാനദണ്ഡം മൂലം വിസ പുതുക്കാനാവാതെ ബുദ്ധിമുട്ടുന്നത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് കുവൈത്ത് എഞ്ചിനിയേഴ്‌സ് ഫോറം, പ്രേഗ്രസീവ് പ്രഫഷണല്‍ ഫോറം തുടങ്ങിയവര്‍ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.