ജിദ്ദ: ജിദ്ദയില്‍ തൊഴില്‍ രംഗത്ത് ദുരിതമനുഭവിക്കുന്ന പന്ത്രണ്ട് മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. തൊഴില്‍ കോടതിയുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശികയില്‍ നല്ലൊരു ഭാഗവും കൊടുത്ത് തീര്‍ത്തു ഫൈനല്‍ എക്സിറ്റ് നല്‍കാനുള്ള സന്നദ്ധത സ്പോണ്‍സര്‍ അറിയിച്ചു. ജിദ്ദയിലെ അല്‍ കുംറയില്‍ പന്ത്രണ്ട് മലയാളികള്‍ സ്പോണ്‍സറില്‍ നിന്നും ശാരീരിക പീഡനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. 

സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ് ഈ യുവാക്കള്‍. കൃത്യമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ, താമസ സ്ഥലത്ത് പലപ്പോഴും വെള്ളവും വെളിച്ചവും ഇല്ലാതെ രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്യുന്നു. ലേബര്‍ കോടതിയുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശിക ഏതാണ്ട് കൊടുത്തു തീര്‍ക്കാനും ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പറഞ്ഞയക്കാനും സ്പോണ്‍സര്‍ തയ്യാറായി. 

ഫൈനല്‍ എക്സിറ്റും രണ്ട് പേര്‍ക്ക് കൂടി ശമ്പളവും കിട്ടിയാല്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങും. മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഈ തൊഴിലാളികള്‍. ഭക്ഷണം നല്‍കിയും, നിയമ സഹായം നല്‍കിയും പല മലയാളീ സംഘടനകളും ഇവരെ സഹായിച്ചു.