ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധനക്ക് ആവശ്യത്തിന് ലാബുകളില്ല പരിശോധനകള്‍ ഇഴയുന്നു സംസ്ഥാനത്താകെ മൂന്നു ലാബുകള്‍ മാത്രം

തിരുവനന്തപുരം: മത്സ്യത്തിലെ വിഷാംശം കണ്ടെത്താൻ സംസ്ഥാന വ്യപകമായി പരിശോധനകൾ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ആകെയുള്ളത് മൂന്ന് ലാബുകൾ മാത്രം. ഒരു സാമ്പിളിന്‍റെ പരിശോധന പൂർത്തിയാക്കാൻ രണ്ടാഴ്ചയോളം സമയെടുക്കുമെടുക്കുമ്പോൾ നടപടി ക്രമങ്ങൾ വൈകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തിരുവനന്തപുരത്തെ ഗവണ്‍മെന്‍റ് അനലിസ്റ്റിക് ലാബ്, കോഴിക്കോടും കൊച്ചിയിലുമുള്ള റീജിയനൽ അനലിറ്റിക്കൽ ലാബുകൾ എന്നിവയാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന് കീഴിലുള്ള ലാബുകൾ. മൂന്ന് ലാബുകൾക്ക് കീഴിലും 12 ചെക്ക്പോസ്റ്റുകളിലുമായി മൊബൈൽ ലാബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനകൾ മാത്രമേ നടത്താനാകൂ. സിഫ്റ്റിന് കീഴിലും വെള്ളായണി കാർഷിക സർവ്വകലാശാലക്ക് കീഴിലും പ്രവർത്തിക്കുന്ന ലാബുകളിലും പ്രാഥമിക പരിശോധനയാണ് നടക്കുന്നത്.

ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിൽ 14 ജില്ലകളിലും അസിസ്റ്റന്‍റ് കമ്മീഷണർമാരും ഇവരുടെ കീഴിൽ ഓരോ നിയമസഭ മണ്ഡലത്തിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുണ്ട്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഈ ഉദ്യോഗസ്ഥരും സാമ്പിളുകൾ ലാബിലേക്ക് അയക്കുന്നുതിനാൽ ഫലം പുറത്തുവരാൻ കലതാമസമുണ്ടാകും. സംസ്ഥാനത്ത് മൽസ്യത്തിലെ മായം കണ്ടെത്താൻ റെയിഡ് വ്യാപിപ്പിക്കുന്നുണ്ടെങ്കിലും ഫലം പുറത്ത് വന്ന് നടപടികൾ സ്വീകരിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.