സംഘർഷവും പ്രതിഷേധവും പൂർണമായി ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിന് ഭക്തരാണ് പമ്പ വഴി സന്നിധാനത്തേക്ക് പോകാനായി എത്തുമെന്ന് ഉറപ്പായിട്ടുള്ളത്. പക്ഷേ, പമ്പയിലെ ബഹുഭൂരിപക്ഷം ശുചിമുറികളും പ്രളയത്തിൽ തകർന്നു
പമ്പ: അയ്യപ്പ ഭക്തർ കൂടുതലായി ശബരിമലയിലേക്ക് എത്തുന്നതോടെ ശുചിമുറികളില്ലാതെ പമ്പ കൂടുതൽ മലിനമാകുമെന്നുറപ്പായി. പ്രളയം തകര്‍ത്ത ശുചിമുറികൾ പുനര്‍നിര്‍മ്മിക്കാൻ കഴിയാത്തതും ഇ ടോയ്ലറ്റുകളുടെ എണ്ണം കുറഞ്ഞതുമാണ് കടുത്ത പ്രതിസന്ധിക്ക് കാരണം.
യുവതീപ്രവേശന വിഷയത്തിൽ ശബരിമല സംഘർഷഭരിതമായതോടെ തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. സംഘർഷവും പ്രതിഷേധവും പൂർണമായി ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിന് ഭക്തരാണ് പമ്പ വഴി സന്നിധാനത്തേക്ക് പോകാനായി എത്തുമെന്ന് ഉറപ്പായിട്ടുള്ളത്.
പക്ഷേ, പമ്പയിലെ ബഹുഭൂരിപക്ഷം ശുചിമുറികളും പ്രളയത്തിൽ തകർന്നു. ബാക്കിയുള്ളവയുടെ താഴത്തെ നിലയിൽ മണൽ നിറഞ്ഞു കിടക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിലും ഇ ടോയ്ലറ്റുകൾ സ്ഥാപിച്ചതിനാൽ നിലവിലെത്തുന്ന അയ്യപ്പ ഭക്തർക്ക് വലിയ പ്രശ്നങ്ങളില്ലാതെ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്.
എന്നാൽ, തിരക്ക് കൂടിയാൽ പമ്പ മലിനമാകുമെന്നുറപ്പാണ്. ഇതോടെ പമ്പാ തീരത്തെക്ക് കുളിക്കാനിറങ്ങാൻ പോലും കഴിയാതെ വരും. ഇങ്ങനെ പോയാല്‍ പ്രാഥമിക കാര്യങ്ങൾ പമ്പാ നദിയിലേക്കും കാട്ടിലേക്കും മാറ്റാതെ ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ മുന്നിൽ മറ്റ് പോംവഴികളില്ലാതാകാനാണ് സാധ്യത. ഇത് പമ്പയെ മലിനമാക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
