ഗുജറാത്തിലെ സൂററ്റിലാണ് അമ്മ ഉപേക്ഷിച്ച് പോയ കുഞ്ഞുങ്ങൾക്കും മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്കും ഒരു ക്യാമ്പയിന്‍റെ ഭാഗമായി സന്നദ്ധരായ അമ്മമാർ മുലയൂട്ടിയത്. 

സൂററ്റ്: നവജാത ശിശുക്കൾക്ക് അവശ്യം വേണ്ടതാണ് മുലപ്പാൽ. ജനിച്ച് വീഴുന്ന ആദ്യ മണിക്കൂറിൽ മുലയൂട്ടാത്ത ശിശുക്കൾക്ക് അകാല മരണത്തിനും മാരകമായ രോഗങ്ങൾക്കും സാധ്യതകൂടുതലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. മുലപ്പാലിന് ഇത്രയേറെ മഹത്വമുണ്ടെങ്കിലും അത് നല്‍കാന്‍ അമ്മയില്ലാത്ത ഹതഭാഗ്യരായ കുഞ്ഞുങ്ങളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? 

ഇവിടെയിതാ അനാഥരായ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുകയാണ് ഒരു കൂട്ടം അമ്മമാർ. ഗുജറാത്തിലെ സൂററ്റിലാണ് അമ്മ ഉപേക്ഷിച്ച് പോയ കുഞ്ഞുങ്ങൾക്കും മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്കും ഒരു ക്യാമ്പയിന്‍റെ ഭാഗമായി സന്നദ്ധരായ അമ്മമാർ മുലയൂട്ടിയത്. 

സൂററ്റിലെ പീഡിയാട്രിക് അസോസിയേഷനും യശോദ മില്‍ക്ക് ബാങ്ക്, കച്ച് കട്വ പടിദാര്‍ സമാജ് മഹിളാ മണ്ഡല്‍ എന്നീ സംഘടനകൾ ചേര്‍ന്നൊരുക്കിയ ഇത്തരത്തിലെ 21മത്തെ ക്യാമ്പയിനാണ് കഴിഞ്ഞ ദിവസം നടന്നത്. ഏതാണ്ട് 130 ഓളം അമ്മമാർ പരിപാടിയിൽ പങ്കെടുക്കുകയും കുഞ്ഞുങ്ങൾക്ക് മുലയൂട്ടുകയും ചെയ്തു. ഇത്തരത്തിൽ മറ്റ് കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നത് കൊണ്ട് അമ്മമാർക്ക് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.. അമ്മമാരില്‍ നിന്നും ശേഖരിച്ച പാൽ ശുദ്ധീകരിച്ച ശേഷം മില്‍ക്ക് ബാങ്ക് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയും ചെയ്യും.