കുടുംബത്തോടൊപ്പമാണ് നാട്ടില്‍ നിന്ന് യുവതി ട്രെയിന്‍ കയറിയത് എന്ത് ചെയ്യണമെന്നറിയാതെ പകച്ചപ്പോള്‍ യാത്രക്കാര്‍ സഹായിച്ചു

മുംബൈ: പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഷെയഖ് സല്‍മ കുടുംബത്തോടൊപ്പമാണ് സ്വദേശമായ ഖട്‌കോപറില്‍ നിന്ന് ട്രെയിനില്‍ കയറിയത്. കല്ല്യാണിലെത്താറായപ്പോഴാണ് സല്‍മയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് എന്ത് ചെയ്യണമെന്നറിയാതെ കുടുംബം പകച്ചു. 

കല്ല്യാണ്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും യുവതി ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു. വിവരമറിഞ്ഞയുടന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറും റെയില്‍വേ പൊലീസും ട്രെയിനിലെത്തി യുവതിക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കി. 

തുടര്‍ന്ന് കല്ല്യാണില്‍ ഇറങ്ങിയ യുവതിയേയും കുഞ്ഞുങ്ങളേയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനില്‍ വച്ച് പ്രസവവേദന വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പൊലീസും മറ്റ് യാത്രക്കാരും ഒരുപാട് സഹായിച്ചെന്നും സല്‍മയുടെ അമ്മ പറഞ്ഞു. 

വിവരമറിഞ്ഞയുടന്‍ വനിതാ പൊലീസുകാരെയും കൂട്ടി പെട്ടെന്ന് തന്നെ യുവതിയെ കാണാന്‍ പുറപ്പെടുകയായിരുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ ഗൗര്‍ പറഞ്ഞു. 'അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ കഴിഞ്ഞു, ഇപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു'- നിതിന്‍ ഗൗര്‍ പറഞ്ഞു.