കണ്ണൂര്‍: കണ്ണൂര്‍ തലശേരിയില്‍ കാമുകനൊപ്പം വിദേശത്തേക്ക് കടന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനൊപ്പം പോകാന്‍ കോടതിയുടെ അനുമതി. പാറപ്രം സ്വദേശിയായ യുവതിയാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകണമെന്ന് നിലപാടെടുത്തത്. നേരത്തെ മകനുമായി കാമുകനൊപ്പം വിദേശത്തേക്ക് കടന്ന ഇവരെ പ്രവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു.
നാല് ദിവസം മുന്‍പാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ 29ന് വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ, രാത്രിയില്‍ ഇളയ മകനുമായി വീടുവിട്ടിറങ്ങി യുവതി, പിണറായി സ്വദേശിയായ കാമുകനൊപ്പം ഇയാള്‍ ജോലി ചെയ്യുന്ന ഒമാനിലേക്ക് പോയി. വിവരമറിഞ്ഞയുടന്‍ ഭര്‍ത്താവ് ഒമാനില്‍ വിളിച്ച് സുഹൃത്തുക്കളെയും സംഘടനകളെയും വിവരമറിയിച്ചു. ഇരുവരും ഒമാനില്‍ എത്തിയ ഉടനെ പൊലീസും സംഘടനകളും ഇടപെട്ട് ഇവരെ തിരിച്ചയച്ചു.
കോഴിക്കോട്ടെത്തിയ ഉടന്‍ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും തലശേരി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. തുടര്‍ന്നായിരുന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകണമെന്ന് യുവതി ഉറച്ച നിലപാടെടുത്തത്. രണ്ട് മക്കളെ കൂടെക്കൂട്ടാന്‍ തയാറായതുമില്ല. ഇതോടെ മക്കളുടെ സംരക്ഷണം ഭര്‍ത്താവിന് വിട്ട് കോടതി യുവതിയെ കാമുകനൊപ്പം വിടുകയായിരുന്നു. ഒടുവില്‍ തന്നെ കൈമാറി പൊലീസ് വാഹനത്തില്‍ കയറുമ്പോള്‍, അമ്മയെ വിടാന്‍ കൂട്ടാക്കാതെയുള്ള ഇളയ മകന്റെ കരച്ചില്‍ നൊമ്പരക്കാഴ്ച്ചയായി.
നാലും, എട്ടും വയസുള്ള രണ്ട് കുട്ടികളുടെ സംരക്ഷണം ഭര്‍ത്താവ് ഏറ്റെടുത്തു. വിദേശത്തായിരിക്കെ താന്‍ സമ്പാദിച്ച പണവും ഇവരുടെ പേരില്‍ എഴുതി നല്‍കിയ സ്വത്തും തിരികെക്കിട്ടാന്‍ നിയമനടപടിക്കൊരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്.
