ആലപ്പുഴ: ഉത്സവത്തിരക്കിനിടയില്‍ വീട്ടമ്മയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സിങ്കനല്ലൂര്‍ മാരിയമ്മന്‍ തെരുവ് സ്വദേശി മല്ലിക (21)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. 

എരുമക്കുഴി മംഗളാകുറ്റിയില്‍ നാരായണന്റെ ഭാര്യ കൗസല്യയുടെ കഴുത്തില്‍ കിടന്ന മാലയാണ് യുവതി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം നൂറനാട് മറ്റപ്പള്ളി കരിമാന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയിലാണ് സംഭവം. രാത്രി പത്തു മണിയോടെ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുമ്പില്‍ തൊഴുതു നിന്ന കൗസല്യയുടെ മാല സമീപത്ത് നിന്ന മല്ലിക കൈവശപ്പെടുത്തുകയായിരുന്നു. 

തൊഴുതു മാറിയ കൗസല്യ കഴുത്തില്‍ ശ്രദ്ധിച്ചപ്പോളാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മല്ലിക പിടിയിലാവുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും മാല കണ്ടെടുത്തു. 

പിടിയിലായ യുവതി നിരവധി മോഷണക്കേസുകളിലെ പ്രധാന കണ്ണിയാണെന്നും ഇവര്‍ക്കെതിരെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടന്നും നൂറനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.ബിജു പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.