ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച യുവതിയെ അടക്കം ചെയ്തശേഷം കല്ലറയില്‍നിന്നും തുടര്‍ച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി പരിസരവാസികള്‍. ഒടുവില്‍ കല്ലറ തുറന്നു നോക്കിയ നാട്ടുകാര്‍ ഞെട്ടി. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന മൃതദേഹം. നെറ്റിയിലും കൈയിലും മുറിവുകള്‍. അടര്‍ന്നു കിടക്കുന്ന വിരലുകള്‍. കല്ലറപൊളിക്കുമ്പോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നു എന്നും ചിലര്‍. ഒടുവില്‍ തന്‍റെ മകളെ ജീവനോടെ സംസ്കരിച്ചുവെന്ന ആരോപണവുമായി യുവതിയുടെ അമ്മയും രംഗത്തെത്തി. ബ്രസീലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ബ്രസീല്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന 37 കാരിയാണ് രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് മരിക്കുന്നത്. അന്തരീകാവയവങ്ങള്‍ തകരാറിലായതുമൂലമായിരുന്നു മരണം. തുടര്‍ന്നു മതാചാരപ്രകാരം ബ്രസിലീലെ സെഞ്ഞോറസാന്റാന സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
ഇതിനു ശേഷമാണ് യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നത്. പരാതി സഹിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ കല്ലറ തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം. തുടര്‍ന്ന് മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചെങ്കിലും മരിച്ചു എന്ന് സ്ഥിരീകരിച്ചു.
എന്നാല്‍ തന്റെ മകള്‍ രക്ഷപെടാനായി ശ്രമിച്ച ശബ്‍ദമാകാം പ്രദേശവാസികള്‍ കേട്ടതെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. എന്നാല്‍ അലര്‍ച്ച കേട്ടു എന്നു പറയുന്നത് ആളുകളുടെ തോന്നലാകാം എന്നാണു മറ്റുചിലരുടെ ഭാഷ്യം.
