Asianet News MalayalamAsianet News Malayalam

വാഹനം വിട്ടുനല്‍കിയത് നടി ആവശ്യപ്പെട്ടപ്പോള്‍; ഒപ്പം നിന്നവരെ ക്രൂശിക്കരുതെന്ന് ലാല്‍

lal responds to acrtress kidnap
Author
First Published Feb 24, 2017, 6:22 AM IST

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ തനിക്കും നടിക്കും ഒപ്പം നിന്നവര്‍ ക്രൂശിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചെന്ന് നടന്‍ ലാല്‍. ആക്രമണത്തിനിരയായി നടി തന്റെ വീട്ടിലെത്തിയപ്പോള്‍ സഹായത്തിനായി താനാണ് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ചുവരുത്തിയത്. ആദ്യം ആന്റോയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് താന്‍ മറ്റൊരു സംവിധായകനെ വിളിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നല്ല. അതിന് ശേഷമാണ് പിന്നെയും ആന്റോയെ വിളിച്ചതും അദ്ദേഹം ഓടിയെത്തിയതും. പിറ്റേ ദിവസം വരെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആന്റോ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സംഭവത്തിന് പിന്നില്‍ ആന്റോയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് തന്നെ ഏറെ വേദനിപ്പിച്ചു. ഇത്തരത്തില്‍ ആളുകള്‍ ക്രൂശിക്കപ്പെടുന്നത് ശരിയല്ല.

നടി ആക്രമിക്കപ്പെട്ട ദിവസം പൊലീസ് സഹായത്തിനായി താനാണ് രാത്രി 11 മണിക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വിളിച്ചത്. പേടിക്കേണ്ടെന്നും ഉടന്‍ ഇവിടെ ആളെത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മിനിറ്റിനുള്ളില്‍ കൊച്ചിയില്‍ നിന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ വിളിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ ഉന്നത ഉദ്ദ്യോഗസ്ഥരടക്കം പൊലീസുകാരെത്തി. ഫോറന്‍സിക് വിദഗ്ദരടക്കം വളരെ വേഗത്തിലും കാര്യക്ഷമമായുമാണ് പ്രവര്‍ത്തിച്ചത്. ഇത്ര വേഗത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് സിനിമയില്‍ മാത്രമാണ് താന്‍ കണ്ടിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ പ്രതിയെ കണ്ടെത്തിയത് വലിയ കാര്യമാണ്. ഇത്ര വേഗം പ്രതിയെ പിടിക്കാനായതും വലിയ നേട്ടമാണ്. മനഃപൂര്‍വ്വം ഒളിച്ചിരിക്കാന്‍ ശ്രമിച്ച കൊടും ക്രിമിനലിനെ പിടികൂടുക എളുപ്പമല്ല.

പിടിക്കപ്പെട്ടവര്‍ ഇനി വെറുതെയെങ്കിലും പ്രതികളല്ലാത്ത ആരുടെയെങ്കിലും പേര് പറഞ്ഞാല്‍ അയാളുടെ ജീവിതം തകരുമെന്നതാണ് അവസ്ഥ. ഔഹാപോഹങ്ങള്‍ വെച്ച് കഥകളുണ്ടാക്കുന്നത് നിരവധി പേരുടെ ജീവിതം ഇല്ലാതാക്കും. പ്രതിയെ കോടതിയില്‍ കയറി പിടിച്ചതിന് ബഹളമുണ്ടാക്കുന്നത് ശരിയല്ല. പ്രതിക്ക് വേണ്ടിയല്ല ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കേണ്ടത്. താനും ആക്രമിക്കപ്പെട്ട നടിയുമെല്ലാം ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. തെറ്റായ വാര്‍ത്തകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഇരയാക്കപ്പെട്ട നടിയുടെ മാനസിക നിലയാണ് തെറ്റിക്കുന്നതെന്നും ലാല്‍ പറഞ്ഞു. ന്യൂജെനറേഷന്‍ സിനിമകളോടുള്ള അതൃപ്തിയാണ് ചിലരുടെ പ്രശ്നം. ന്യൂ ജനറേഷന്‍ സിനിമകളിലെല്ലാം കഞ്ചാവും മയക്കുമരുന്നുമാണെന്ന ആരോപണത്തിന് പിന്നില്‍ ഇത്തരക്കാരാണ്. കഞ്ചാവടിച്ച് സിനിമയുണ്ടാക്കിയാല്‍ മാത്രം അത് ഓടില്ലെന്നും ലാല്‍ പറഞ്ഞു.

നടി അഭിനയിച്ച ഒരു സിനിമയില്‍ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അവരെ കൊണ്ടുവരാനാണ് പുറമെ നിന്ന് വാഹനം വിളിച്ചത്. ഇതിന്രെ ഡ്രൈവറായാണ് സുനി എത്തിയത്. മിടുക്കനായി ജോലി ചെയ്തിരുന്നയാളായിരുന്നു സുനി. ഒരു വര്‍ഷത്തോളം തന്റെ കീഴില്‍ ജോലി ചെയ്തിട്ടും സുനി,  കുഴപ്പക്കാരനാണെന്ന് തിരിച്ചറിയാന്‍ നടന്‍ മുകേഷിന് പോലും കഴിഞ്ഞില്ല. ഷൂട്ടിങിന് ശേഷം തന്റെ ഒരു വാഹനം ഓടിക്കാന്‍ സുനി വന്നിരുന്നു. ഈ സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിങ് ഗോവയിലായിരുന്നു. ഇന്ന് ഒരു വാഹനം മാത്രമാണ് ഇവിടെ നിന്ന് ഗോവയിലേക്ക് പോയത്. ആ വാഹനം ഓടിച്ചിരുന്നതും സുനിയായിരുന്നു. സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനായാണ് ആക്രമിക്കപ്പെട്ട ദിവസം നടി എത്തിയത്. അവര്‍ ആവശ്യപ്പെട്ടതിതനുസരിച്ചാണ് തന്റെ വാഹനം ഇതിനായി വിട്ടുനല്‍കിയത്. സുനി തന്നെ കൊണ്ടുവന്ന മാര്‍ട്ടിന്‍ എന്ന ഡ്രൈവറാണ് അന്ന് വാഹനം ഓടിച്ചത്. 15 മിനിറ്റ് മാത്രമാണ് ഡബ്ബിങ് ഉണ്ടായിരുന്നത്.  കൊച്ചിയിലെ മറ്റൊരു നടിയുടെ വീട്ടിലേക്കാണ് ഇതിന് ശേഷം ഇവര്‍ പോയത്. സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിയ ശേഷം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പലവട്ടം വിളിച്ചു അന്വേഷിച്ചു. ആരും അന്വേഷിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. സുഹൃത്തായ മറ്റൊരു നടിയുടെ വീട്ടിലേക്ക് പോയത്കൊണ്ടാണ് പിന്നീട് അന്വേഷിക്കാതിരുന്നത്.

ആക്രമിക്കപ്പെട്ടതിന് ശേഷം മാര്‍ട്ടിനാണ് നടിയെ തന്റെ വീട്ടിലെത്തിച്ചത്. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞ് കടന്നുകളയാന്‍ ശ്രമിച്ച മാര്‍ട്ടിനെ താനും വീട്ടിലുള്ള മറ്റുള്ളവരും ചേര്‍ന്നാണ് പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തില്‍ അപ്പോഴേ അസ്വഭാവികതയുണ്ടായിരുന്നുവെന്നും പിന്നീട് ഇയാളില്‍ നിന്നാണ് പൊലീസിന് കേസിന്റെ തുമ്പ് ലഭിച്ചതെന്നും ലാല്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിപീലിനെ ക്രൂശിച്ചു. ദിലീപ് കടുത്ത മാനസിക സംഘര്‍ഷത്തിലായി മാറി. ദിലീപിനെ ചോദ്യം ചെയ്തില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും ദിലീപിനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാമെന്ന് ചിലര്‍ പറഞ്ഞത് വേദനിപ്പിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ട്. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ആക്രമിച്ചവര്‍ പറഞ്ഞതായി നടി പറഞ്ഞിരുന്നു. എന്നാല്‍ ഇത് അവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണോയെന്ന് അറിയില്ലെന്നും ലാല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios