പറ്റ്ന: ബീഹാറില്‍ ജെഡിയു-ആര്‍ജെഡി തര്‍ക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം തേജസ്വിയാദവ് രാജിവെക്കണമെന്ന ആവശ്യം ലാലുപ്രസാദ് യാദവ് തള്ളി. ലാലുകുടുംബം സ്വത്ത് വെളിപ്പെടുത്തണമെന്ന ആവശ്യവും ജെ.ഡി.യു ഉന്നയിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരിക്കെ റെയില്‍വെയുടെ ഭൂമി ഹോട്ടലുകള്‍ക്ക് നല്‍കിയതില്‍ വലിയ അഴിമതി നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി ബീഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ തേജസ്വിയാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം എന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ജെ.ഡി.യുവിന്റെ ആവശ്യം ലാലുപ്രസാദ് യാദവ് തള്ളി. ഇത് ബി.ജെ.പിയുടെ രാഷ്‌ട്രീയ പകപോക്കലാമെന്നും ബി.ജെ.പിയെ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്നും ലാലു പറഞ്ഞു. രാജിവെക്കാന്‍ തയ്യാറല്ലെങ്കില്‍ ലാലു കുടുംബം സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്നാണ് ജെ.ഡി.യു മുന്നോട്ടുവെച്ചിരിക്കുന്ന അടുത്ത ആവശ്യം. അതും ലാലു തള്ളി. ഇതോടെയാണ് ഇരുപാര്‍ടികള്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ്കുമാര്‍ ബി.ജെ.പിയുമായി സഹകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പ്രതിപക്ഷ പാര്‍ടികള്‍ വിളിച്ച യോഗങ്ങളില്‍ നിന്ന് നീതിഷ് വിട്ടുനിന്നത് അതിന്റെ സൂചനയായി. ഇത് മുന്നില്‍ കണ്ടുതന്നെയാണ് ലാലുവിന്റെയും നീക്കം. 243 അംഗ ബീഹാര്‍ നിയമസഭയില്‍ ആര്‍.ജെ.ഡിക്ക് 80ലും ജെ.ഡി.യുവിന് 71 സീറ്റുമാണ് ഉള്ളത്.

ആര്‍.ജെ.ഡി സഖ്യംവിട്ടാല്‍ ബി.ജെ.പിയുടെ 53 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ച് നിതീഷിന് സര്‍ക്കാരിനെ നിലനിര്‍ത്താം. അതിന്‍റെ നേട്ടം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെര‍ഞ്ഞെടുപ്പിലും നിതീഷ് പ്രതീക്ഷിക്കുന്നു.