റാഞ്ചി: ലാലു പ്രസാദ് യാദവിന്‍റെ അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് കാലിത്തീറ്റ കേസ് പരിഗണിക്കുന്ന റാഞ്ചി സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തൽ. കോടതി മുറിയിൽ ഇക്കാര്യം ജഡ്ജി പറഞ്ഞപ്പോൾ പരിഭ്രമിക്കാതിരിക്കൂ എന്നായിരുന്നു ലാലുവിന്‍റെ മറുപടി. അസാധാരണ നടപടികൾക്ക് ശേഷം ലാലുവിനുള്ള ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.

ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് കാലിത്തീറ്റ കുംഭകോണ കേസിൽ കുറ്റക്കാരായ ആര്‍.ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പടെ 15 പേര്‍ക്കുള്ള ശിക്ഷ തീരുമാനിക്കാനായി കോടതി ചേര്‍ന്നത്. കോടതി മുറിയിൽ തിങ്ങനിറഞ്ഞ ആര്‍.ജെ.ഡി പ്രവര്‍ത്തകരോടും കേസുമായി ബന്ധമില്ലാത്ത അഭിഭാഷകരോടും പുറത്തുപോകാൻ ആദ്യം ജഡ്ജി ആവശ്യപ്പെട്ടു. ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പറഞ്ഞശേഷം ചിലര്‍ തന്നെ ഫോണിൽ വിളിച്ചതായി സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിംഗ് പിന്നീട് വെളിപ്പെടുത്തി. 

അസാധാരണ സംഭവങ്ങളാണ് ഇതൊക്കെയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഈ സമയം കോടതി മുറിയിലുണ്ടായിരുന്ന ലാലുപ്രസാദ് യാദവ്, പരിഭ്രമിക്കാതിരിക്കൂ എന്നാണ് ജഡ്ജിയോട് പറഞ്ഞത്. പിന്നീട് ശിക്ഷയിന്മേലുള്ള വാദത്തിലേക്ക് കടന്ന കോടതി പ്രതികളുടെയും സിബിഐയുടെയും വാദങ്ങൾ കേട്ടു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ, ഇത് ആവര്‍ത്തിക്കാതിരിക്കാൻ പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞ ശിക്ഷ നൽകണമെന്നതായിരുന്നു ലാലുവിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതിന് ശേഷം ശിക്ഷ വിധിക്കായി കേസ് നാളത്തേക്ക് മാറ്റിവെച്ചു. നൂറുകണക്കിന് ആര്‍.ജെ.ഡി പ്രവര്‍ത്തകരായിരുന്നു കേസ് പരിഗണിക്കുമ്പോൾ കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നത്. 

കേസിൽ പരമാവധി ഏഴുവര്‍ഷം വരെ ശിക്ഷ ലാലുവിന് കിട്ടാം. മൂന്ന് വര്‍ഷത്തിൽ താഴെ ശിക്ഷ കിട്ടിയാൽ വിചാരണ കോടതിയിൽ തന്നെ ജാമ്യത്തിനായി അപേക്ഷ നൽകാം. 950 കോടി രൂപയുടെ കാലിത്തീറ്റ അഴിമതിയിൽ ലാലു പ്രസാദ് യാദവ് പ്രതിയായ ആറ് കേസുകളിൽ രണ്ടാമത്തെ കേസിലാണ് നാളെ ശിക്ഷ വിധിക്കാൻ പോകുന്നത്. ആദ്യകേസിൽ ലാലുവിന് അഞ്ച് വര്‍ഷത്തെ ശിക്ഷ ലഭിച്ചിരുന്നു.