ഭൂമിക്ക് മികച്ച വില നല്‍കുമെന്ന് സർക്കാർ സമരത്തിനൊരുങ്ങി കർഷകസംഘടനകള്‍
സേലം: പ്രതിഷേധങ്ങൾക്കിടെ, സേലം - ചെന്നൈ നിർദ്ദിഷ്ട ദേശീയപാതയുടെ സ്ഥലം അടയാളപ്പെടുത്തൽ തുടങ്ങി. പൊലീസ് സംരക്ഷണത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി. ഏറ്റെടുക്കുന്ന ഭൂമിക്ക് കർഷകർക്ക് നഷ്ടപരിഹാരത്തുക സർക്കാർ പ്രഖ്യാപിച്ചു.
സേലം, തിരുവണ്ണാമലൈ, കൃഷ്ണഗിരി ജില്ലകളിലാണ് നിർദ്ദിഷ്ട ദേശീയപാതക്കായി സ്ഥലം അളന്നുതുടങ്ങിയത്. ജനങ്ങളുടെ എതിർപ്പ് നിലനില്ക്കെ തന്നെ വിളവെടുക്കാനായ കൃഷി ഭൂമിയിലും വിതയ്ക്കാനൊരുക്കിയ പാടത്തുമെല്ലാം റവന്യൂകല്ലുകള് നാട്ടിക്കൊണ്ടിരിക്കുകയാണ് അധികൃതർ. പലയിടത്തും പൊലീസ് സഹായത്തോടെയാണ് നടപടികള് പൂർത്തിയാക്കിയത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി മികച്ച വില നല്കുമെന്നാണ് സർക്കാർ നിലപാട്. കാഞ്ചീപുരം, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി, സേലം ജില്ലകളിലായി 1900 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതും കർഷകയോഗങ്ങള്ക്ക് അനുമതി നിഷേധിക്കുന്നതുമടക്കമുള്ള പൊലീസ് നടപടികള്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഈ ജില്ലകളിലെ കർഷകസംഘടനകള്.
