ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമി ഇടപാട് ആരോപണം: ഇന്ന് തെളിവെടുപ്പ്

First Published 27, Mar 2018, 6:52 AM IST
land allegation against sub collector divya S iyer
Highlights
  • ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമി ഇടപാട് കേസില്‍ ഇന്ന് തെളിവെടുപ്പ്

വര്‍ക്കല: സര്‍ക്കാര്‍ പുറന്പോക്ക് സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ ഇടപെട്ട് സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തിൽ ജില്ലാ കളക്ടറുടെ തെളിവെടുപ്പ് ഇന്ന്. സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിക്കാത്ത ഭൂമിയാണ് പതിച്ച് നൽകിയതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തഹസിൽദാര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍. വൈകീട്ട് നാല് മണിക്കാണ് തെളിവെടുപ്പ്.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ റീ സർവ്വെ നമ്പര്‍ 227 പെട്ട 27 സെന്റിലാണ് തര്‍ക്കം. തഹസിൽദാർ ഏറ്റെടുത്ത ഭൂമി ഉന്നത കോണ്‍ഗ്രസ് ബന്ധമുള്ള സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുക്കുന്ന വിധത്തിൽ നിലപാടെടുത്തെന്നാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ആരോപണം. തൊട്ടടുത്ത സര്‍വ്വെ നമ്പറിൽ പെട്ട 39 സെന്റാണ് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ളത്. റീസര്‍വേ വന്നപ്പോൾ അതിൽ 26 സെന്റ് നഷ്ടമായെന്നും അത് അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച പരാതിയിൽ തീര്‍പ്പുണ്ടാക്കിയ സബ് കളക്ടര്‍ ആറ്റ് പുറന്പോക്ക് ഏറ്റെടുത്ത തഹസിൽദാറുടെ നടപടി കൂടി റദ്ദാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ബന്ധപ്പെട്ട രേഖകളെല്ലാം ജില്ലാ കളക്ടര്‍ വിളിച്ച് വരുത്തിയിട്ടുണ്ട്. രേഖകൾ പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ലാന്റ് റവന്യു കമ്മീഷണറോട് റവന്യു മന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടര്‍ ഹിയറിങ് നടത്തട്ടെ എന്ന കുറിപ്പെഴുതി കമ്മീഷണര്‍ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞ് മാറി. ലാന്റ് റവന്യു കമ്മീഷണറുടെ നടപടിയും റവന്യു വകുപ്പിൽ വലിയ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. 

loader