ഇടുക്കി: അനധികൃത കയ്യേറ്റങ്ങൾക്കെതിരേ ശക്തമായ നടപടിയുമായി വീണ്ടും റവന്യൂ വകുപ്പ്. പാപ്പാത്തിച്ചോലയിൽ വെള്ളൂ കുന്നേൽ ജിമ്മി സക്കറിയ അനധികൃതമായി കയ്യേറി നടത്തിവന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ആർ ഡി ഒ യുടെ നിർദ്ദേശത്തെ തുടർന്ന് ഉടുമ്പൻചോല എൽ ആർ തഹസിൽധാർ ഷാജിയുടെ നേതൃത്വത്തിൽ ഭൂകർമ്മ സേനയുടെ സഹായത്തോടെ ഒഴിപ്പിച്ചത്. സർവ്വേ നമ്പർ 34 /1 ൽപെട്ട മൂന്നേക്കർ സർക്കാർ ഭൂമിയാണ് കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ച് പിടിച്ചത്. 

പാപ്പാത്തി ചോല മലമുകളിൽ നിന്നും ഒന്നര കിലോമീറ്റർ താഴ് വശത്തായിട്ടാണ് പാറ പൊട്ടിച്ച് നീക്കി വൻ നിർമ്മാണ പ്രർത്തനം നടത്തിവന്നത്. മുമ്പ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ സർക്കാർ ഭൂമിയാണെന്നും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്നും കാണിച്ച് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഏതാനം മാസങ്ങൾക്ക് മുമ്പ് ഇവിടെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 

സമീപത്തുള്ള പാറ പൊട്ടിച്ച് ഇത് ഉപയോഗിച്ച് വമ്പൻ കെട്ടിടം കെട്ടി ഉയർത്തുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വന്നിരുന്നത്. വീണ്ടും നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേവികുളം ആർ ഡി ഒ യുടെ നിർദേശപ്രകാരമാണ് നിർമ്മാണങ്ങൾ പൊളിച്ച് നീക്കി കയ്യേറ്റം ഒഴിപ്പിച്ചത്. സർക്കാർ സ്ഥലം കയ്യേറുകയും സ്റ്റോപ് മെമ്മോ അവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നു റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.