വ്യാജരേഖയുണ്ടാക്കിയത് സർക്കാർ ഭൂമിക്ക് ദേവികുളം പോലീസ് കേസെടുത്തു
ഇടുക്കി: ഇടുക്കിയില്‍ വ്യാജരേഖ നിർമിച്ച് സർക്കാർ ഭൂമി പണയപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച പാസ്റ്റർക്കെതിരെ പോലീസ് കേസെടുത്തു. ദേവികുളത്തെ സർക്കാർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ പണയപ്പെടുത്തി മൂന്നരക്കോടി രൂപയാണ് ഇയാള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ദേവികുളം സ്വദേശിയും പാസ്റ്ററുമായ യേശുദാസെന്നുവിളിക്കുന്ന ദുരൈ പാണ്ടിക്കെതിരെയാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ദേവികുളം സിഎസ്ഐ പള്ളിക്കു സമീപത്തെ സർക്കാർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ പണയപ്പെടുത്തി മൂന്നര കോടിരൂപയാണ് ഇയാള്‍ ലോണായി ആവശ്യപ്പെട്ടത്. ദുരൈപാണ്ടിയുടെ പ്രവർത്തികളില്‍ സംശയം തോന്നിയ ബാങ്ക് അധികൃതരുടെ അന്വേഷണത്തില്‍ ഇയാള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായി. തുടർന്ന് ബാങ്ക് അധികൃതരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ദേവികുളം തഹസില്‍ദാർ നിർദേശിക്കുകയായിരുന്നു. റവന്യൂ വകുപ്പിന്‍റെ വ്യാജ സീലുകള്‍ നിർമിച്ച കേസില്‍ ഇയാള്‍ മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
