16 ഫൊറോനകളിൽ  നയവിശദീകരണ യോഗം നടത്തും വിശ്വാസികൾക്കോ വൈദികർക്കോ ഇടപാടിനെ ക്കുറിച്ച് എന്ത് സംശയങ്ങളുണ്ടെങ്കിലും ചോദിക്കാം

കൊച്ചി: സഭാ ഭൂമി ഇടപാടിനെക്കുറിച്ച് വിശ്വാസികൾക്കിടയിൽ നിലപാട് വിശദീകരിക്കാൻ സിറോ മലബാർ സഭ ഒരുങ്ങുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിൽ നാളെ മുതൽ നയവിശദീകരണ യോഗം തുടങ്ങും. 

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഭൂമി ഇടപാടിനെ ചൊല്ലി വിശ്വാസികളും- വൈദികരും ഇരു ചേരികളായി തിരിഞ്ഞ പശ്ചാത്തലത്തിലാണ് സഭയുടെ പുതിയ നീക്കം. ഇടപാടിലെ പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് വിശ്വാസികളോട് വിശദീകരിക്കാനാണ് സഭാ നേതൃത്വത്തിന്‍റെ നിർദ്ദേശം. ഇതനുസരിച്ച് അതിരൂപതയിലെ 16 ഫൊറോനകളിൽ വൈദികരും വിശ്വാസികളും പങ്കെടുത്ത് വിശദീകരണ യോഗം തുടങ്ങും. എറണാകുളം- അങ്കമാലി അതിരൂപതയിലെ കൂരിയ സമിത അംഗങ്ങളാണ് കാര്യങ്ങൾ വിശദീകരിക്കുക. 

വിശ്വാസികൾക്കോ വൈദികർക്കോ ഇടപാടിനെ ക്കുറിച്ച് എന്ത് സംശയങ്ങളുണ്ടെങ്കിലും ചോദിക്കാം. ഭൂമി ഇടപാടിനെ ചൊല്ലി ഒരു വിഭാഗം വിശ്വാസികൾ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കമുള്ളവരെ ആർച്ച് ബിഷപ് ഹൗസിലെത്തി പരസ്യമായി ചോദ്യം ചെയ്തതിനെ സാഹചര്യത്തിലാണ് നീക്കം. വിശ്വാസികളോട് കാര്യം വിശീദീകരിക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് സഭാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. 

ഭൂമി പ്രശനം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും തർക്കം സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ ചില വൈദികരാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ കഴിഞ്ഞ പാസ്റ്ററൽ കൗൺസിൽ യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. ഈസ്റ്ററിന് മുൻപ് വിശദീകരണ യോഗം അവസാനിപ്പിക്കാനാണ് നിർദ്ദേശം.