കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളിൽ ലഘുലേഖ വിതരണം. സഹായ മെത്രാൻമാർ പോലുമറിയാതെ കർദിനാളിന്‍റെ നേതൃത്വത്തിൽ നടന്ന നടന്ന ഭൂമി ഇടപാട് സംശയാസ്പദമാണെന്ന് ലഘുലേഖ കുറ്റപ്പെടുത്തുന്നു.
സിറോ മലബാർ സഭയെ പിടിച്ചുലച്ച ഭൂമി ഇടപാട് കൂടുതൽ പരുക്കില്ലാതെ പരിഹരിക്കാൻ സഭാ നേതൃത്വം ഒരു ഭാഗത്ത് ശ്രമം നടത്തുന്നതിനിടെയാണ് വിശ്വാസികൾ പ്രശനം ഏറ്റെടുക്കുന്നത്. ഭൂമി ഇടപാടിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ വിശ്വാസികൾ പുതുതായി രൂപീകരിച്ച ആർച്ച് ഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പെരൻസി എന്ന സംഘടനയാണ് കർദിനാലിനെ കുറ്റപ്പെടുത്തി ഇന്ന് പളളികളിൽ ലഘുലേഖ വിതരണം ചെയ്തത്.
സഭയെ ഇന്നത്തെ പ്രതിസന്ധിയിലാക്കിയത് കർദിനാൾ ആലഞേചേരിയുടെ സ്വന്തം നിലയിലുള്ള തീരുമാനങ്ങളാണ്. അതിരൂപത വേണെന്ന് വെച്ച് മെഡിക്കൽ കോളേജിനായി ഭൂമി വാങ്ങിയതാണ് സഭയെ കടക്കെണിയിലാക്കിയത്. കടം വീട്ടാൻ ഭൂമി വിറ്റപ്പോൾ പണത്തിന് പകരം വീണ്ടും ഭൂമി വാങ്ങിയത് സംശയാസ്പദമാണ്. കനോനിക സമിതിയോ അതിരൂപതയോ അറിയാതെ കർദിനാൾ ആലഞ്ചേരിയും സാമ്പത്തിക ചുമതല വഹിച്ച ജോഷി പുതുവയും ചേർന്ന് നടത്തിയ രഹസ്യ ഇടപാടാണിതെന്ന് ലഘുലേഖ കുറ്റപ്പെടുത്തുന്നു.
ഇത്തരം ഇടപാടാണ് ഇന്ന് കാണുന്ന ഭീമമായ സാമ്പത്തിക പ്രതിസന്ധിയിൽ അതിരൂപതയെ എത്തിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച് വൈദിക സമതി നൽകിയ റിപ്പോർട്ട് വെളിച്ചം കാണാത്തതിന് പിറകിലും കർദിനാളാണെന്ന് ലഘുലേഖ വ്യക്തമാക്കുന്നു.ഇത് ആദ്യമായാണ് വിസ്വാസികൾ സഭാ നേതൃത്വത്തെ വിമർശിച്ച് രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം അതിരൂപതയിലെ ഒരു വിഭാഗം വൈദികരും കർദിനാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാർപ്പാപ്പയ്ക്ക് കത്തയച്ചിരുന്നു.
