വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുകയാണ്. മലപ്പുറത്തും പാലക്കാടും വീണ്ടും ഉരുള്‍പൊട്ടല്‍. നിലമ്പൂര്‍ ആഢ്യന്‍പാറയിലും മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി.
പാലക്കാട്:വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുകയാണ്. മലപ്പുറത്തും പാലക്കാടും വീണ്ടും ഉരുള്‍പൊട്ടല്‍. നിലമ്പൂര്‍ ആഢ്യന്‍പാറയിലും മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ഡാമിന്‍റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തി. മലമ്പുഴയിലും ജലനിരപ്പുയര്‍ന്നു.
മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ എലിവാലിന് സമീപമുള്ള പ്രദേശമാണ് ആനക്കല്ല്. ജനവാസമേഖലയല്ലാത്തതിനാല്‍ ആളപായമില്ല. ഉരുള്‍പൊട്ടിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. നാല് ദിവസം മുന്‍പ് ഒന്നരമീറ്ററില്‍ നിന്ന് 3 സെന്‍റീമീറ്ററിലേക്ക് താഴ്ത്തിയ ഷട്ടര്‍ ഇന്ന് രാവിലെയോടെ 30 സെന്‍റിമീറ്ററായി ഉയര്‍ത്തിയിരുന്നു. ഉരുള്‍പൊട്ടലിന് ശേഷം ഇത് നാല്‍പത്തിയഞ്ച് സെന്‍റിമീറ്ററാക്കി. കല്‍പാത്തി പുഴയില്‍ നീരൊഴുക്ക് കൂടി. തീരത്തുള്ളവരെ നേരത്തെ മാറ്റിപാര്‍പ്പിച്ചിരുന്നു. മലപ്പുറത്ത് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപം ആഢ്യന്‍പാറ തെന്‍മലയിലാണ് ഉരുള്‍പൊട്ടിയത്.
വനമേഖലയായതിനാല്‍ ആളപായമില്ല. ഈ മേഖലയില്‍ ഉരുല്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. കോഴിക്കോട്ടെ ഇരുവഞ്ഞിപുഴയില്‍ ഉച്ചക്ക് ശേഷമാണ് മലവെള്ളപാച്ചിലുണ്ടായത്. ആനക്കാംപൊയില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയതാണെന്നാണ് സൂചന. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴയിലെ താല്‍ക്കാലിക പാലം തകര്‍ന്നതൊഴിച്ചാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടിലെ ദുരിതബാധിത മേഖലകള്‍ റവന്യൂമന്ത്രി സന്ദര്‍ശിച്ചു. പുനരധിവാസം വേഗത്തില്‍ സാധ്യമാക്കണമെന്ന് ദുരന്തബാധിതര്‍ മന്ത്രിയോടാവശ്യപ്പെട്ടു. മന്ത്രിയുടെ നേതൃത്വത്തില്‍ പിന്നീട് അവലോകനയോഗവും ചേര്‍ന്നു.കോഴിക്കോട് ജില്ലയില്‍ 32 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക കണക്ക്. മലപ്പുറത്തും പാലക്കാടും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല.
