ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ തീവ്രവാദികളെ അടിച്ചൊതുക്കുന്നതില്‍ നിര്‍ണായക മുന്നേറ്റം കൈവരിച്ചതായി സുരക്ഷാസേനകള്‍. 2017-ല്‍ ഇതുവരെ 190-ഓളം തീവ്രവാദികളെ സൈന്യം വധിച്ചെന്ന് ലെഫ്.ജനറല്‍ ജെ.എസ്. സന്ധുവും ജമ്മു-കശ്മീര്‍ ഡിജിപി എസ്.പി വൈദും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

കൊല്ലപ്പെട്ട തീവ്രവാദികളില്‍ 80 പേര്‍ പ്രദേശവാസികളായ തീവ്രവാദികളാണ്. 110 പേര്‍ വിദേശീയരാണ്, നിയന്ത്രണരേഖ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതില്‍ 66 പേര്‍ കൊല്ലപ്പെട്ടത് - സന്ധു വിശദീകരിച്ചു. 

കശ്മീര്‍ താഴ്‌വരയില്‍ മാത്രം 125-130 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും മേഖലയിലെ തീവ്രവാദി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തന്നെ സൈനിക നടപടിയിലൂടെ അടിച്ചൊതുക്കുവാന്‍ സാധിച്ചെന്നും പറഞ്ഞ സന്ധു ഇന്നലെ ആറ് ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍മാരെ കൂടി വധിച്ചതോടെ കശ്മീരില്‍ ലഷ്‌കറിനെ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും വ്യക്തമാക്കി. 

രണ്ടു രീതിയിലാണ് സുരക്ഷാസേനകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെ ഇല്ലാതാക്കുക, ഒപ്പം തീവ്രവാദിസംഘങ്ങളിലേക്ക് പോയ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരിക - സൈന്യത്തിന്റെ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു കൊണ്ട് സന്ധു പറഞ്ഞു. 

ഇന്ത്യന്‍ സൈന്യവും സിആര്‍പിഎഫും ജമ്മു-കശ്മീര്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും ഒത്തുചേര്‍ന്നുള്ള മുന്നേറ്റമാണ് തീവ്രവാദികളെ അടിച്ചൊതുക്കുവാന്‍ തുണയായതെന്ന് പറഞ്ഞ ഡിജിപി വൈദ് വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.