മൊസൂള്‍: അല അബ്ദ് അല്‍ അക്കീദ് എന്ന പതിനഞ്ചു വയസുകാരന്‍റെ കത്ത് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി പൊട്ടിത്തെറിക്കും മുന്‍പ് വീട്ടുകാര്‍ക്ക് എഴുതിവെച്ച കത്താണ് ഇത്. റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന കത്തില്‍ തന്നെ വിവാഹം കഴിച്ചയയ്ക്കണമെന്ന് പറഞ്ഞിട്ട് വീട്ടുകാര്‍ കേട്ടില്ലെന്നും ഇനി താന്‍ സ്വര്‍ഗ്ഗത്തില്‍ കന്യകമാര്‍ക്കൊപ്പം കഴിയുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 

ഇറാഖി സൈന്യത്തിനെതിരേയാണ് അക്കീദ് ചാവേറാകാന്‍ നിയോഗിക്കപ്പെട്ടത്. തുടര്‍ന്ന് പടിഞ്ഞാറന്‍ മൊസൂളിലെ മാതാപിതാക്കളുടെ വിലാസത്തില്‍ ഉള്ളതായിരുന്നു കത്ത്. മൊസൂളിലെ ഐഎസ് പരിശീലന ക്യാമ്പില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ അനേകര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് കണ്ടെത്തിയ കത്തുകളില്‍ ഒന്നായിരുന്നു അക്കീദിന്റേത്. 

തനിക്ക് കുടുംബം മാപ്പു തരണമെന്നും തന്നെയോര്‍ത്ത് ദു:ഖിക്കുകയോ കറുത്ത വസ്ത്രം ധരിക്കുകയോ വേണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ പരിശീലന കേന്ദ്രത്തിലെ പൊടി നിറഞ്ഞ ഇടനാഴികളില്‍ ഒന്നില്‍ നിന്നായിരുന്നു കത്ത് കണ്ടെത്തിയത്. മറ്റ് ചാവേറുകള്‍ എഴുതിയ കത്തുകളും കണ്ടെത്തിയിട്ടുണ്ട്. ഇറാഖി സുരക്ഷാ സൈന്യത്തിനെതിരേ കഴിഞ്ഞ വര്‍ഷം നിയോഗിക്കപ്പെട്ട ചാവേറുകളില്‍ ഒരാളായിരുന്നു അക്കീദ്. 

മറ്റു ചാവേറുകളുടെ കത്തിനൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇതും. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷങ്ങള്‍ക്കിടയില്‍ റിക്രൂട്ട് ചെയ്ത ഒരു ഡസന്‍ കൗമാരക്കാരിലെ ഒരാളായിരുന്നു അക്കീദും. ഏകദേശം 50 റിക്രൂട്ടുകളുടെ വ്യക്തിവിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജനനത്തീയതിയും 12 ലധികം പേരുടെ ഫോട്ടോകളും ഉള്‍പ്പെടുന്നു. എല്ലാവരും കൗമാരക്കാരോ 20 കളുടെ തുടക്കത്തില്‍ നില്‍ക്കുന്നവരോ ഒക്കെയായിരുന്നു.