ദുബായ്: ബോളിവുഡ് നടനും തന്റെ ബന്ധുവുമായ മര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഭര്‍ത്താവ് ബോണി കപൂറിനും ഇളയമകള്‍ ഖുഷിക്കുമൊപ്പം വ്യാഴാഴ്ച്ചയാണ് ശ്രീദേവി യുഎഇയിലെത്തിയത്. ബോണി കപൂറിന്റെ സഹോദരിയുടെ മകനാണ് മോഹിത് മര്‍വ. ദുബായില്‍ തങ്ങിയിരുന്ന ഇവര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനായി റാസ് അല്‍ ഖൈമയിലെത്തുകയായിരുന്നു. 

ആദ്യചിത്രമായ ധടകിന്റെ ചിത്രീകരണതിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുത്ത വിവാഹസ്ത്കാരചടങ്ങുകളില്‍ ആദ്യാവസാനം സജീവമായി തന്നെ ശ്രീദേവിയുണ്ടയിരുന്നു. വിവാഹചടങ്ങില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രീദേവി പങ്കുവച്ചു. 

സത്കാരചടങ്ങുകള്‍ നടക്കുന്ന റാസ് അല്‍ ഖൈമയിലെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലില്‍ നിന്ന് ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് ശ്രീദേവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലിന് തൊട്ടടുത്തുള്ള ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് അവരെ എത്തിച്ചുവെങ്കിലും അതിനോടകം മരണം സംഭവിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി പതിനൊന്നരയോടെ ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ ആണ് ശ്രീദേവിയുടെ മരണം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുന്നത്. 

ഷെയ്ഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന നടിയുടെ മൃതദേഹം ഉച്ചയോടെ എബാം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സന്ദര്‍ശകവിസയിലാണ് ശ്രീദേവി ദുബായിലെത്തിയത് എന്നതിനാല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ചില നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുംബൈ അന്ധേരിയിലെ ഫഌറ്റിലേക്ക് ശ്രീദേവി അവസാനമായി എത്തുന്നതും കാത്തിരിക്കുകയാണ് അവരുടെ ആരാധകരും സുഹൃത്തുകളുമിപ്പോള്‍. 


View post on Instagram
View post on Instagram
View post on Instagram